എഫ്സിആർഎ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ…

രാജ്യത്തെ സന്നദ്ധ സംഘടനകളുടെയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും വിദേശ ഫണ്ട് വിനിയോഗത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന വിവാദ എഫ്സിആർഎ ഭേദഗതി ബില്ല് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ലോക്സഭയിൽ ചർച്ചയ്ക്ക് വരും. കേന്ദ്ര സർക്കാർ നീക്കത്തിനെതിരേ പ്രതിപക്ഷ എംപിമാർ ശക്തമായ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ്. ഭേദഗതി അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാൻ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഭയിൽ ബില്ലിനെതിരേ സംസാരിക്കും.
ഭേദഗതി നീക്കത്തിനെതിരെ വിവിധ ക്രൈസ്തവ സഭകളും രാഷ്ട്രീയ പാർട്ടികളും പ്രതിഷേധം ശക്തമാക്കിയിരിക്കേയാണ് ബിൽ ഇന്ന് വീണ്ടും സഭയിലെത്തുന്നത്. കേരളത്തിൽ നിന്നുള്ള യുഡിഎഫ്, എൽഡിഎഫ് എംപിമാർ ഡൽഹിയിലെത്തിയിട്ടുണ്ട്.ബില്ലിനെതിരെ ശക്തമായ പ്രതിഷേധം തീർക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ നീക്കം. കേരളത്തിലും അസമിലും നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ എഫ്സിആർഎ ഭേദഗതി ബിൽ ബിജെപിയെ വെട്ടിലാക്കിയിട്ടുണ്ട്. അതിനാൽ തന്നെ വിവാദത്തിൽ നിന്ന് തലയൂരാൻ ബിജെപിയും വീശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.



