അച്ഛൻ തിരിച്ചു വരില്ല’: എട്ട് മണിക്കൂർ ആശുപത്രിയിൽ കാത്തിരുന്ന് മരിച്ച മലയാളി വംശജന്‍റെ ഭാര്യ, മക്കളോട്

മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടിയാണ് ഓരോ മനുഷ്യരും ജന്മനാട് ഉപേക്ഷിച്ച് മറ്റൊരു ദേശത്തേക്ക് ചേക്കേറുന്നത്. അവിടുത്തെ സുരക്ഷയും ആരോഗ്യ പരിരക്ഷകളെ കുറിച്ചും ജോലി സാധ്യതകളെ കുറിച്ചും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളെ കുറിച്ചുമെല്ലാം കൃത്യമായ അന്വേഷങ്ങൾ നടത്തിയ ശേഷമാകും ഈ പറിച്ച് നടൽ. എന്നാൽ, പ്രതീക്ഷിച്ചതിൽ നിന്നും വിരുദ്ധമായൊരു അനുഭവമുണ്ടാകുമ്പോൾ അത് കുടുംബത്തെ ഒന്നാകെ ഉലച്ച് കളയുന്നു. ആശുപത്രി ജീവനക്കാരുടെ നിസഹകരണം മൂലം എട്ട് മണിക്കൂറോളം ആശുപത്രി അത്യാഹിത വിഭാഗത്തിന് പുറത്ത് നെഞ്ച് വേദനയുമായി കാത്ത് നിന്നതിന് പിന്നാലെ, മരണത്തിന് കീഴടങ്ങിയ 44 -കാരനായ മലയാളി വംശജൻ പ്രശാന്ത് ശ്രീകുമാറിന്‍റെ ഭാര്യ നീതി ആവശ്യപ്പെട്ട് രംഗത്ത്.
ആശുപത്രിയിൽ വച്ച് പ്രശാന്തിന് ഇസിജി ചെയ്തു. വേദനയ്ക്ക് കുറച്ച് ടൈലനോൾ നൽകി, പക്ഷേ, നഴ്‌സുമാർ പ്രശാന്തിന്‍റെ രക്തസമ്മർദ്ദം പരിശോധിക്കുന്നതുവരെ കാത്തിരിക്കാൻ ആവശ്യപ്പെട്ടു. എട്ട് മണിക്കൂറിലധികം നീണ്ട കാത്തിരിപ്പിന് ശേഷം, പ്രശാന്തിനെ ചികിത്സാ വിഭാഗത്തിലേക്ക് വിളിപ്പിച്ചപ്പോൾ, നിമിഷങ്ങൾക്കുള്ളിൽ ഹൃദയാഘാതം മൂലം അദ്ദേഹം കുഴഞ്ഞ് വീഴുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങൾ പറഞ്ഞു.
അവൻ തളർന്നു വീഴുകയാണെന്ന് ഞാൻ കരുതി, പക്ഷേ, യഥാർത്ഥത്തിൽ അവൻ മരിക്കുകയായിരുന്നു,” പ്രശാന്തിന്‍റെ ഭാര്യ നിഹാരിക ശ്രീകുമാർ പറഞ്ഞു. “അവന്‍റെ ശരീരം തണുത്തിരുന്നു. ഞാൻ അവന്‍റെ ഹൃദയം പമ്പ് ചെയ്യാൻ ശ്രമിച്ചു, ഒന്നും സംഭവിച്ചില്ല. അവൻ ഒരിക്കലും തിരിച്ചു വന്നില്ല.” മക്കളും ആഘാതത്തിൽ നിന്നും മോചിതരായിട്ടില്ല. മൂന്ന് മക്കളെ ഒറ്റയ്ക്ക് വളർത്തുന്നതിനെക്കുറിച്ചുള്ള ആശങ്കകളും നിഹാസിക പങ്കുവച്ചു.മാധ്യമങ്ങളോട് സംസാരിക്കവെ തങ്ങളുടെ രണ്ടാമത്തെ മകൻ എല്ലാ രാത്രിയിലും എഴുന്നേറ്റ് കരയുകയാണെന്ന് അവർ പറഞ്ഞു. “അവന്‍റെ ബെഡ് ഷീറ്റ് എല്ലാ രാത്രികളിലും കണ്ണീരിൽ കുതിർന്നിരുന്നു,” “എനിക്ക് അച്ഛന്‍റെ അടുത്തേക്ക് പോകണം’ എന്നായിരുന്നു ഇളയ മകന്‍റെ ആവശ്യം. “ഞാൻ അവനോട് പറഞ്ഞു, അച്ഛൻ തിരിച്ചു വരില്ല മോനെ. അദ്ദേഹം ആകാശത്തിലെ ഒരു നക്ഷത്രമായി മാറിയിരിക്കുന്നു. അദ്ദേഹം വളരെ നല്ല മനുഷ്യനായിരുന്നു, ദൈവം അദ്ദേഹത്തിന് ഒരു നക്ഷത്രമാകാൻ പ്രമോഷൻ നൽകി.”




