മകന് അധ്യാപക ജോലി.. വീട്ടമ്മക്ക് നഷ്ടം ലക്ഷങ്ങൾ.. അച്ഛനും മകനും പിടിയിൽ…
തിരുവനന്തപുരത്ത് മകന് അധ്യാപക ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയെ പറ്റിച്ച് പണം തട്ടിയെന്ന കേസിൽ അച്ഛനും മകനും അറസ്റ്റിൽ. ശാസ്തമംഗലം പൈപ്പിൻമൂട് സ്വദേശികളായ ശ്രീകുമാരൻ തമ്പി, മകൻ ബാലു എന്നിവരയെയാണ് പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീകുമാരൻ തമ്പിയുടെ ഭാര്യ ജ്യോതിക്കെതിരെയും കേസെടുത്തിട്ടുണ്ട്. വീട് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസുകളിലടക്കം നിരവധി തട്ടിപ്പ് കേസിൽ പ്രതിയാണ് ഇരുവരുമെന്ന് പൊലീസ് പറയുന്നു.
മകന് നരുവാമൂട് യുപി സ്കൂളിൽ അധ്യാപകനായി ജോലിനൽകാമെന്ന് വാദ്ഗാനം ചെയ്ത് തിരുവനന്തപുരം സ്വദേശിനിയായ വീട്ടമ്മയിൽ നിന്നാണ് സംഘം പണം തട്ടിയത്. പരാതിക്കാരിയുടെ വിവിധ അക്കൗണ്ടുകളിൽ നിന്നായി ഇരുപത് ലക്ഷത്തോളം രൂപ പല ഘട്ടങ്ങളിലായി കൈപ്പറ്റിയ സംഘം, ജോലി നൽകാതെ പറ്റിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. സ്വന്തം സ്കൂളാണെന്നും നിയമനം ഉറപ്പാണെന്നും ചൂണ്ടിക്കാട്ടി ശ്രീകുമാരൻ തമ്പിയുടെ ഭാര്യ ജ്യോതിയാണ് വീട്ടമ്മയെ ആദ്യം സമീപിച്ചത്. ഇവരുടെ വാക്ക് വിശ്വസിച്ച് വീട്ടമ്മ മകന് ജോലി ലഭിക്കുമെന്ന ഉറപ്പിൽ പണം നൽകുകയായിരുന്നു.



