മകനെ വിട്ടു കിട്ടണമെങ്കിൽ ഒരു ലക്ഷം രൂപ നൽകണം… ഫോൺകോളിന് പിന്നിൽ ആരെന്നറിഞ്ഞ് ഞെട്ടി കുടുംബം..
നിങ്ങളുടെ മകൻ ഞങ്ങളുടെ കസ്റ്റഡിയിലാണ്, വിട്ടുകിട്ടണമെങ്കിൽ ഒരു ലക്ഷം രൂപ നൽകണം. ഇൻഡോർ സ്വദേശി ശ്രീറാം ഗുപ്തയുടെ ഫോണിലേക്ക് ചൊവ്വാഴ്ച വന്നൊരു ഫോൺ കോളായിരുന്നു ഇത്. മകൻ സതീഷ് ഗുപ്ത യെ തട്ടിക്കൊണ്ട് പോയി എന്നായിരുന്നു ഫോണിന്റെ മറുതലയ്ക്കൽ നിന്ന് കേട്ട വാക്കുകൾ. ഉടൻ തന്നെ പണം നൽകണമെന്നും വിളിച്ചയാൾ ആവശ്യപ്പെട്ടു. മറ്റൊന്നും ആലോചിക്കാതെ വിവരം ഉടൻ തന്നെ ശ്രീറാം ഗുപ്ത പോലീസിലറിയിച്ചു.തട്ടിക്കൊണ്ടുപോകൽ കേസായതിനാൽ ഗൗരവത്തിൽ തന്നെ അന്വേഷണം മുന്നോട്ടുപോയി. വിളിച്ച ആളുകളെക്കുറിച്ച് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആരുഷ് അറോറ, തേജ്വീർ സിങ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തട്ടിക്കൊണ്ടു പോയെന്ന് സംശയിക്കപ്പെട്ട 24കാരനായ സതീഷ് ഗുപ്തയുടെ സുഹൃത്തുക്കളായിരുന്നു ഇരുവരും. ഇവരെ പിടികൂടി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ശ്രീറാം ഗുപ്‍തയുടെ മകൻ സതീഷ് തന്നെയാണ് ആസൂത്രണത്തിന് പിന്നിലെന്ന് വ്യകതമായത്.
തന്റെ കടബാധ്യതകൾ തീർക്കാൻ പണം ആവശ്യമായിരുന്നെന്നും അതിനായി സതീഷ് പദ്ധതി ആസൂത്രണം ചെയ്തതും. അച്ഛനെ വിളിച്ച് പണം ആവശ്യപ്പെടാനുള്ള ബുദ്ധി പറഞ്ഞുകൊടുത്തതും സതീഷ് തന്നെയായിരുന്നു. യുവാവിന് വലിയ കട ബാധ്യത ഉണ്ടായിരുന്നെന്നാണ് ലഭ്യമാകുന്ന വിവരം. ഐപിഎൽ ഓൺലൈൻ വാതുവെപ്പ് ഉൾപ്പെടെ നടത്തിയാണ് യുവാവിന് ഇത്രയധികം ബാധ്യതകളുണ്ടായത്. യുവാവിന്റെയും സുഹൃത്തുക്കളുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.