ഫാസ്റ്റ് ടാഗ് വാർഷിക പാസ്സ് വിൽക്കുന്നു..മുന്നറിയിപ്പുമായി ദേശീയ പാതാ അതോറിറ്റി

വ്യാജ ഫാസ്റ്റ് ടാഗ് വാർഷിക പാസുമായി പുതിയ തട്ടിപ്പ്. ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ദേശീയ പാതാ അതോറിറ്റി (NHAI). രാജ്യത്തെ ദേശീയ പാതകളിൽ യാത്ര ചെയ്യുന്നതിനുള്ള പുതിയ സേവനമാണ് ഫാസ്റ്റ് ടാഗ് വാർഷിക പാസ്സ്. ഈ വാർഷിക പാസ് വിൽക്കുന്നതായി അവകാശപ്പെടുന്ന നിരവധി വ്യാജ വെബ്സൈറ്റുകളും ലിങ്കുകളുമാണ് ഇപ്പോൾ നിലവിലുള്ളത്. ഇത് സംബന്ധിച്ചാണ് NHAI യുടെ മുന്നറിയിപ്പ്.
3,000 രൂപയുടെ ഫാസ്റ്റ് ടാഗ് വാർഷിക പാസ്, തട്ടിപ്പുകാർ പ്രയോജനപ്പെടുത്തുകയാണ്. ഈ പാസ് വഴി സ്വകാര്യ, വാണിജ്യേതര വാഹനങ്ങൾക്ക് ദേശീയ പാതകളിൽ 200 യാത്രകൾ വരെ അല്ലെങ്കിൽ ഒരു വർഷത്തെ യാത്രകൾക്ക് സാധിക്കും.
കൃത്രിമമായി നിർമിച്ച എസ്ഇഒ വഴിയും പെയ്ഡ് പരസ്യങ്ങൾ വഴിയും ഗൂഗിൾ സെർച്ച് ഫലങ്ങളിൽ ഒന്നാമതെത്തുന്ന വ്യാജ വെബ്സൈറ്റുകൾ തട്ടിപ്പുകാർ നിർമിക്കുന്നു. ഇരകളെ പെയ്മെന്റ് വിവരങ്ങൾ നൽകാനോ, ക്യുആർ കോഡുകൾ സ്കാൻ ചെയ്യാനോ പ്രേരിപ്പിക്കുന്നു. ഇത് താഴെ പറയുന്ന കാര്യങ്ങൾക്ക് കാരണമാകുന്നു.
ഓരോ ഇടപാടിലും ഏകദേശം 3,000 രൂപയുടെ സാമ്പത്തിക നഷ്ടം
മണി ലോണ്ടറിങ് അക്കൗണ്ടുകളിലേക്ക് പണം തിരിച്ചുവിടുന്നു
വ്യക്തിഗത വിവരങ്ങളുടെയും വാഹന വിശദാംശങ്ങളുടെയും മോഷണം
പല ഉപയോക്താക്കളും ഇതിനോടകം തന്നെ തട്ടിപ്പിന് ഇരയായെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരാതികളും വർധിച്ചുവരികയാണ്. ഇത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C) പരിശോധിക്കുന്നുണ്ട്.
ഓൺലൈനിൽ ഫാസ്റ്റ് ടാഗ് തട്ടിപ്പ് എങ്ങനെ ഒഴിവാക്കാം
ഫാസ്റ്റ് ടാഗ് വാർഷിക പാസ്സ്, രാജ്മാർഗ് യാത്ര മൊബൈൽ ആപ്പ് വഴിയാണ് വിൽക്കുന്നത് എന്ന് NHAI വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് വെബ്സൈറ്റുകൾ, സോഷ്യൽ മീഡിയ പേജുകകൾ, വാട്ട്‌സ്ആപ്പ്/ടെലിഗ്രാം ലിങ്കുകൾ, മൂന്നാം കക്ഷി വിൽപ്പനക്കാർ, മറ്റ് പ്ലാറ്റ്‌ഫോമുകൾ ഇവയ്ക്കൊന്നും പാസ്സ് വിൽക്കാനോ പ്രോസസ്സ് ചെയ്യാനോ അംഗീകാരമില്ല.
തട്ടിപ്പ് ഒഴിവാക്കാൻ NHAIയുടെ പ്രധാന നിർദേശങ്ങൾ
രാജ്മാർഗ് യാത്ര ആപ്പ് വഴി മാത്രം ഫാസ്റ്റ് ടാഗ് വാർഷിക പാസ് സ്വന്തമാക്കുക
പാസ് വാഗ്ദാനം ചെയ്യുന്ന സംശയാസ്പദമായ ലിങ്കുകളിലോ പരസ്യങ്ങളിലോ സന്ദേശങ്ങളിലോ ഒരിക്കലും ക്ലിക്ക് ചെയ്യരുത്
സ്ഥിരീകരിക്കാത്ത സൈറ്റുകളിൽ ഫാസ്റ്റ് ടാഗ്, വാഹനത്തിന്റെയോ അല്ലെങ്കിൽ പെയ്മെന്റ് വിശദാംശങ്ങളോ പങ്കുവെക്കുന്നത് ഒഴിവാക്കുക.
സംശയാസ്പദമായ വെബ്സൈറ്റുകളോ തട്ടിപ്പ് ശ്രമങ്ങളോ ഉടൻ സൈബർ ക്രൈം അധികാരികളെ അറിയിക്കുക.



