കുവൈത്തിലെ വാഫ്രയിൽ ഫാം ഹൗസിന് തീപിടിച്ചു, തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിലെ വാഫ്ര കാർഷിക മേഖലയിലുണ്ടായ ശക്തമായ തീപിടിത്തത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. ഇന്നലെ പുലർച്ചെ വാഫ്രയിലെ ഒരു ഫാമിലെ ഷാലേയിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ ഉടൻ തന്നെ അൽ-വാഫ്ര ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
വളരെ വേഗത്തിൽ തന്നെ തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചെങ്കിലും നിർഭാഗ്യവശാൽ ഒരു ജീവൻ രക്ഷിക്കാനായില്ല. തീപിടിത്തമുണ്ടായ ഉടൻ തന്നെ പുക ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചയാളുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി ബന്ധപ്പെട്ട നിയമവിഭാഗത്തിന് കൈമാറി. പരിക്കേറ്റവർക്കോ മരിച്ചയാൾക്കോ വേണ്ടിയുള്ള ഔദ്യോഗിക വിവരങ്ങൾ കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ പുറത്തുവിടുകയുള്ളൂ. തീപിടിത്തത്തിന്‍റെ കൃത്യമായ കാരണം കണ്ടെത്താൻ കുവൈത്ത് ഫയർ ഫോഴ്സിന്‍റെ ഇൻവെസ്റ്റിഗേഷൻ വിഭാഗം വിശദമായ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.




