ക്രഷ‌ർ പ്രവർത്തിക്കുന്നത് നിബന്ധനകൾ ലംഘിച്ച്, പരാതിപ്പെടുന്നവർക്കെതിരെ കള്ളക്കേസ്..

പുതുക്കാട് ചെങ്ങാലൂർ മാട്ടുമലയിലെ സ്വകാര്യ ക്രഷറിനെതിരെ പരാതിപ്പെടുന്നവരുടെ പേരിൽ കള്ളക്കേസെടുക്കന്നതായി ശാസ്ത്ര സാഹിത്യ പരിഷത്ത്. നിബന്ധനകൾ ലംഘിച്ചാണ് ക്രഷർ പ്രവർത്തിക്കുന്നതെന്നും ഇതിനെതിരെ 2019 മുതൽ ശാസ്ത്രസാഹിത്യപരിഷത്ത് സമരത്തിലാണെന്നും പരിഷത്ത് പ്രവർത്തകരായ അഞ്ച് പേരുടെ പേരിൽ ക്രഷർ ഉടമയുടെ മാത്രം മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതുക്കാട് പൊലീസ് കേസ് എടുത്തതെന്നും പരിഷത്ത് പ്രവർത്തകർ പുതുക്കാട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പരിഷത്ത് കൊടകര മേഖല പരിസരം വിഷയ സമിതി കൺവീനറായ പിഎൻ ഷിനോഷിനെതിരെ രണ്ടുതവണ കേസെടുത്തിരുന്നു. എന്നാൽ ക്രഷർ യൂണിറ്റുമായി ബന്ധപ്പെട്ട നാലുപേർ ഷിനോഷിനെ ആക്രമിച്ചിട്ടും അതിനെതിരെ കേസെടുക്കുന്നതിനുപകരം ഷിനോഷിനെതിരെ കേസെടുക്കുകയാണ് ഉണ്ടായതെന്നും റിപ്പോർട്ട് സമർപ്പിച്ച അന്നത്തെ പുതുക്കാട് എസ്എച്ച്ഒ കൈക്കൂലി വാങ്ങിയ കേസിൽ സസ്‌പെൻഷനിലായിരുന്നുവെന്നും പരിഷത്ത് ആരോപിച്ചു. ഷിനോഷിനെതിരെ കുറ്റപത്രം സമർപ്പിച്ചതിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെന്നും പുതുക്കാട് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് റദ്ദാക്കി വീണ്ടും അന്വേഷിക്കാൻ ജില്ല ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പരിഷത്ത് പ്രവർത്തകർ പറയുന്നു.

നാട്ടുകാർക്കു മുന്നിൽ വെച്ച് നടന്ന സംഭവങ്ങളിൽ നിഷ്പക്ഷരായ ഒരു സാക്ഷിയുടെ പോലും മൊഴിയെടുക്കാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്നും പരിഷത്ത് ആരോപിച്ചു. പരിഷത്ത് കൊടകര മേഖല കമ്മിറ്റി സെക്രട്ടറി എടി ജോസ്, കെകെ അനീഷ് കുമാർ, എം മോഹൻദാസ്, കെജി ലിപിൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related Articles

Back to top button