പല തവണ ട്രാഫിക് നിയമ ലംഘനം നടത്തി…വാഹനത്തിന് സ്വന്തമായി നമ്പറിട്ട് ഓടിയത് 4 വർഷം.. നമ്പറിന്റെ യഥാർഥ ഉടമ പിഴയടച്ചത് 20,000 രൂപയോളം… ഒടുവിൽ..

സ്വന്തമായി വാഹനത്തിന് നമ്പർ ഇട്ട് 4 വർഷത്തോളം ഓടിച്ച ആവള സ്വദേശി പിടിയിൽ. വാഹനത്തിന് റജിസ്ട്രേഷൻ നടത്താതെ സ്വന്തമായി ഒരു നമ്പറും പതിപ്പിച്ച് 4 വർഷമായി അധികാരികളെ കബളിപ്പിച്ച് വാഹനവുമായി നടന്ന ആവള എടപ്പോത്തിൽ മീത്തൽ ലിമേഷ് ആണ് പൊലീസിന്റെ പിടിയിലായത്. 4 വർഷം മുൻപ് സുസുക്കിയുടെ ഇരുചക്ര വാഹനം വാങ്ങിയ നിമേഷ് റജിസ്ട്രേഷൻ നടത്താതെ തന്റെ പഴയ വാഹനത്തിന്റെ നമ്പറുമായി സാമ്യമുള്ള കെഎൽ 56 ക്യു 9305 എന്ന നമ്പർ വാഹനത്തിൽ പ്രദർശിപ്പിക്കുകയായിരുന്നു.

പല തവണ ട്രാഫിക് നിയമ ലംഘനം നടത്തിയതിന് ഈ നമ്പറിലേക്ക് പിഴയും വന്നു. എന്നാൽ നമ്പറിന്റെ യഥാർഥ ഉടമസ്ഥനായ പാലക്കാട് മണ്ണാർക്കാട് സ്വദേശിക്കാണ് മോട്ടർ വാഹന വകുപ്പിന്റെ ചലാൻ ലഭിച്ചിരുന്നത്. സ്ഥിരമായി പേരാമ്പ്ര ഭാഗത്ത് നിന്നുള്ള ക്യാമറയിൽ നിന്നുമുള്ള ഫോട്ടോയുമായി ഏതാണ്ട് 20,000 രൂപയോളം പിഴ അടച്ച പാലക്കാട് സ്വദേശി പൊലീസിൽ നൽകിയ പരാതിയാണ് പ്രതിയെ പിടികൂടാൻ കാരണം. പേരാമ്പ്ര പൊലീസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Articles

Back to top button