ഡ്രൈവിംഗ് ടെസ്റ്റ് നടത്താതെ മൈസൂരുവിൽ നിന്ന് വ്യാജ ഡ്രൈവിംഗ് ലൈസൻസ്.. ഇൻസ്‌പെക്ടർക്കും ക്ലർക്കിനും സസ്‌പെൻഷൻ

ഡ്രൈവിംഗ് ടെസ്റ്റ് നടത്താതെ മൈസൂരുവിൽ നിന്ന് ഏജന്റുമാർ മുഖേന ലൈസൻസ് സംഘടിപ്പിക്കുന്ന സംഘമുണ്ടെന്ന വാർത്തയെ തുടർന്ന് മോട്ടോർ വാഹന വകുപ്പിൽ അച്ചടക്ക നടപടി. തിരൂരങ്ങാടി ആർടിഒ ഓഫീസിലെ മോട്ടോർ വാഹന ഇൻസ്‌പെക്ടർ (എംവിഐ) ജോർജിനെയും ക്ലർക്ക് നജീബിനെയും സസ്‌പെൻഡ് ചെയ്തു. ഇരുവർക്കുമെതിരെ വിജിലൻസ് അന്വേഷണം നടത്താൻ ശുപാർശ ചെയ്തിട്ടുണ്ട്.

ടെസ്റ്റ് നടത്താതെയാണ് മൈസൂരുവിൽ നിന്ന് ലൈസൻസ് നേടുന്നതെന്നും, പിന്നീട് മേൽവിലാസം, ഒപ്പ്, ഫോട്ടോ എന്നിവ മാറ്റി കേരളത്തിലെ ലൈസൻസാക്കി മാറ്റുന്നുവെന്നുമുള്ള പരാതികളാണ് ഉയർന്നത്. ഇതിന് മോട്ടോർ വാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നുവെന്ന ആരോപണവും റിപ്പോർട്ടുകളിലുണ്ട്. സംഭവത്തിൽ മോട്ടോർ വാഹനവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഡ്രൈവിംഗ് ടെസ്റ്റ് മാനദണ്ഡങ്ങൾ കർശനമാക്കിയതോടെ തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും ഏജന്റുമാർ മുഖേന ലൈസൻസ് നേടുന്ന പ്രവണത വർധിച്ചതായാണ് വിവരം. എന്നാൽ പലരും അവിടങ്ങളിലെ ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കാതെ തന്നെ ലൈസൻസ് സ്വന്തമാക്കുന്നുവെന്നാണ് കണ്ടെത്തൽ.

മലപ്പുറം സ്വദേശി മുഹമ്മദ് ബഷീറിന്റെ പേരിൽ മൈസൂരു വെസ്റ്റ് ആർടിഒ 2025 ഡിസംബർ 20ന് നൽകിയ ലൈസൻസിൽ രേഖകളിൽ ഉള്ള പ്രായവുമായി പൊരുത്തപ്പെടാത്ത ഒരു യുവാവിന്റെ ചിത്രമാണ് ഉപയോഗിച്ചിരുന്നത്. തുടർന്ന് വിലാസവും ഒപ്പും മാറ്റുന്നതിനായി 2025 ഡിസംബർ 23ന് തിരൂരങ്ങാടി സബ് ആർടിഒ ഓഫീസിൽ അപേക്ഷ നൽകി. 2025 ഡിസംബർ 28ന് മലപ്പുറത്തെ വിലാസത്തിൽ പുതിയ ചിത്രവും ഒപ്പുമുള്ള ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കപ്പെട്ടതോടെയാണ് ക്രമക്കേട് പുറത്തായത്. ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കാത്ത ഒരാളുടെ പേരിൽ എങ്ങനെ മൈസൂരുവിൽ ലൈസൻസ് അനുവദിച്ചുവെന്നും, രണ്ട് വ്യത്യസ്ത ചിത്രങ്ങൾ വ്യക്തമായിരിക്കെ തിരൂരങ്ങാടിയിൽ നിന്ന് പുതിയ ലൈസൻസ് നൽകിയത് എങ്ങനെയെന്നുമുള്ള ചോദ്യങ്ങൾ ഉയർന്നിരുന്നു.

Related Articles

Back to top button