ഷിബിലയുടെ പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച്ച സംഭവിച്ചു…ഗ്രേഡ് എസ്ഐയ്ക്ക് സസ്പെൻഷൻ..
താമരശ്ശേരി ഈങ്ങാപുഴയിൽ ഷിബിലയെ ഭര്‍ത്താവ് യാസിർ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയ്ക്ക് സസ്പെൻഷൻ. ഗ്രേഡ് എസ്ഐ നൗഷാദിനെ അന്വേഷണ വിധേയമായാണ് സസ്പെന്‍ഡ് ചെയ്തത്.
യാസിറിനെതിരെ ഷിബില നൽകിയ പരാതി കൈകാര്യം ചെയ്യുന്നതിൽ സ്റ്റേഷനിലെ പിആര്‍ഒ ചുമതലയുണ്ടായിരുന്ന ഗ്രേഡ് എസ്ഐക്ക് വീഴ്ച പറ്റിയെന്നാണ് കണ്ടെത്തൽ. റൂറൽ എസ്പി താമരശ്ശേരി സ്റ്റേഷനിൽ നേരിട്ട് എത്തിയാണ് നടപടി സ്വീകരിച്ചത്.
അതേസമയം പരാതി കൈകാര്യം ചെയ്യുന്നതിൽ പൊലീസിന് നിഷ്ക്രിയത്വം ഉണ്ടായെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. കോഴിക്കോട് റൂറൽ എസ്പി 15 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. ഏപ്രിൽ 29 ന് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.