റോഡിലെ വെള്ളം നിറഞ്ഞ കുഴിയിൽ വീണ് ഓട്ടോ മറിഞ്ഞു.. നാല് പേർക്ക് പരിക്ക്..
മലപ്പുറത്ത് രാവിലെ മുതൽ ശക്തമായ മഴ തുടരുകയാണ്. പുലർച്ചെ മമ്പാട് വണ്ടൂർ റോഡിൽ ചീനി മരം കടപുഴകി വീണു റോഡ് ഗതാഗതം രണ്ട് മണിക്കൂറോളം തടസപെട്ടു. മുണ്ടുപറമ്പ് ബൈപ്പാസിൽ റോഡിലെ കുഴിയിൽ വീണ് ഓട്ടോറിക്ഷ മറിഞ്ഞു. നാല് പേർക്ക് പരിക്കേറ്റു. കൂട്ടിലങ്ങാടി മുഞ്ഞക്കുളം സ്വദേശി അസ്ലം, സഹോദരൻ സലാം, ഇരുവരുടെയും ഭാര്യമാർ എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളം നിറഞ്ഞതിനാൽ കുഴി കാണാൻ കഴിയാതിരുന്നതോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലമ്പൂർ കോടാലി പൊയിൽ വീടിനു മുകളിൽ തേക്ക് മരം കടപുഴകി വീണു. മുഹമ്മദിന്‍റെ വീടിനു മുകളിലാണ് മരം വീണത്. മുഹമ്മദും ഭാര്യ ഖദീജയും വീട്ടിൽ ഉള്ളപ്പോഴാണ് മരം വീണത്. ആളപായമില്ല