‘കരുതലുള്ള ഭരണാധികാരിയുടെ കൃത്യമായ ഇടപെടല്‍, ഇത് ആഘോഷിക്കേണ്ട നേട്ടം

അതിദരിദ്രർ ഇല്ലാത്ത കേരളം എന്ന നേട്ടം കൈവരിച്ചന്നെ സർക്കാർ പ്രഖ്യാപനത്തെ പ്രശംസിച്ച് മുരളി തുമ്മാരുകുടി. അതിദരിദ്രർ ഇല്ലാത്ത കേരളം ഒരു സുപ്രഭാതത്തിൽ കേരളപ്പിറവി ദിനത്തിൽ യാദൃച്ഛികമായി സംഭവിച്ചതല്ല. അത് കരുതലുള്ള ഒരു ഭരണാധികാരിയുടെ, ഒരു ഭരണകൂടത്തിന്റെ, കൃത്യമായ ഇടപെടലിന്റെ ഫലമാണെന്ന് മുരളി തുമ്മാരുകുടി പറഞ്ഞു. സർക്കാർ പ്രഖ്യാപനം അനുമോദിക്കപ്പെടേണ്ടതും ആഘോഷിക്കേണ്ടതുമാണ്. മലയാളിയെന്നതിൽ വീണ്ടും അഭിമാനിക്കുന്ന നിമിഷമാണിതെന്നും മുരളി തുമ്മാരുകുടി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഐക്യകേരളം രൂപീകൃതമാകുമ്പോൾ ഇന്ത്യയിലെ ആളോഹരി വരുമാനത്തിൽ ഏറ്റവും പുറകിൽ നിന്നിരുന്ന ഒരു സംസ്ഥാനമായിരുന്നു കേരളം. അരിക്കും തുണിക്കും ക്ഷാമം ഉണ്ടായിരുന്ന, രണ്ടു നേരം പോലും ഭൂരിപക്ഷം പേർക്കും വയർ നിറച്ചു ഭക്ഷണം കഴിക്കാനില്ലാതിരുന്നതുമായ സംസ്ഥാനം. ഉടുതുണിക്ക് മറുതുണി ഇല്ലാതിരുന്ന ആളുകൾ അന്ന് കേരളത്തിൽ ഉണ്ടായിരുന്നു. കേരളം വിവിധ സൂചികകളിൽ ഇന്ത്യയിലെ നമ്പർ വൺ ആവുകയും സംസ്ഥാനം പൊതുവെ സമ്പന്നമായപ്പോഴും തങ്ങളുടേതായ കാരണങ്ങളാൽ അല്ലാതെ അതി ദാരിദ്ര്യത്തിൽപെട്ട ഒരു ചെറിയ ശതമാനം ആളുകൾ നമ്മുടെ ചുറ്റും ഉണ്ടായിരുന്നു. മിക്കവരും അവരുടെ സാന്നിധ്യം ശ്രദ്ധിച്ചില്ല.
പക്ഷെ ഇപ്പോഴത്തെ നമ്മുടെ ഭരണകൂടം ഇക്കാര്യത്തിൽ കാണിച്ച കരുതൽ എടുത്തു പറയേണ്ടതാണ്. അതി ദാരിദ്ര്യത്തിൽ ഉള്ളവർ ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെ ആയിട്ടു പോലും തിരഞ്ഞെടുപ്പുകളുടെ കണക്കുകൂട്ടലുകളിൽ പ്രസക്തമല്ലാത്ത ഒരു വോട്ട് ബാങ്ക് അല്ലാതിരുന്നിട്ടും അതിദരിദ്രരെ സർക്കാർ മറന്നില്ലെന്നും മുരളി തുമ്മാരുകുടി പോസ്റ്റിൽ പറയുന്നു.
പോസ്റ്റ് പൂർണരൂപം –
അതി ദാരിദ്ര്യം തുടച്ചു മാറ്റപ്പെടുമ്പോൾ
‘അരിയെവിടെ തുണിയെവിടെ പറയൂ പറയൂ സർക്കാരേ’ എന്റെ ചെറുപ്പകാലത്ത് പോലും മതിലുകളിൽ ഉണ്ടായിരുന്ന മുദ്രാവാക്യമാണ് ഇത്. ഐക്യകേരളം രൂപീകൃതമാകുമ്പോൾ ഇന്ത്യയിലെ ആളോഹരി വരുമാനത്തിൽ ഏറ്റവും പുറകിൽ നിന്നിരുന്ന ഒരു സംസ്ഥാനമായിരുന്നു കേരളം.
അരിക്കും തുണിക്കും ക്ഷാമം ഉണ്ടായിരുന്ന കേരളം. മൂന്നു നേരം പോയിട്ട് രണ്ടു നേരം പോലും ഭൂരിപക്ഷം പേർക്കും വയർ നിറച്ചു ഭക്ഷണം കഴിക്കാനില്ലാതിരുന്ന കേരളം. ഉടുതുണിക്ക് മറുതുണി ഇല്ലാതിരുന്ന ആളുകൾ ഉണ്ടായിരുന്ന കേരളം.
ആ കാലം മാറി. ഇപ്പോൾ നേരെ തിരിച്ചായി. ആളോഹരി വരുമാനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും മുൻ നിരയിൽ ആയി കേരളം. അതുകൊണ്ട് തന്നെ ഇന്ന് അരിക്കും തുണിക്കും വേണ്ടി കഷ്ടപ്പെടുന്ന കേരളം ചരിത്രമാണ്. ഇതൊന്നും തനിയെ ഉണ്ടായിവന്നതല്ല. അതിന്റെ കാരണങ്ങൾ എണ്ണിപ്പറയുകയല്ല ഇന്നത്തെ പോസ്റ്റിന്റെ ലക്ഷ്യം.
നമ്മുടെ ചുറ്റിലും ലഭ്യമായ തൊഴിലുകൾ നമ്മുടെ പുതിയ തലമുറയുടെ ആഗ്രഹങ്ങൾക്കനുസരിച്ച് ഉയരാത്തത്. ഉയർന്ന വരുമാനം ഉണ്ടാക്കുന്ന ഉപഭോഗം സൃഷ്ടിക്കുന്ന പരിസ്ഥിതി പാദമുദ്ര. കൃഷി കുറയുകയും നഗരവൽക്കരണം കൂടുകയും ചെയ്യുന്നത്.
കേരളം വിവിധ സൂചികകളിൽ ഇന്ത്യയിലെ നമ്പർ വൺ ആവുകയും സമൂഹം പൊതുവേ സമ്പന്നമാവുകയും ചെയ്യുമ്പോൾ ഭരിക്കുന്ന ഭരണകൂടത്തിന് ഭൂരിപക്ഷത്തിന്റെ താല്പര്യത്തിനനുസരിച്ചുള്ള പദ്ധതികൾ ആവിഷ്‌കരിക്കാനായിരിക്കും താല്പര്യം. ജനാധിപത്യത്തിന്റെ കണക്കു കൂട്ടലും അത്തരത്തിലാണ് ഇൻസെന്റീവ് നൽകുന്നത്.
അതുകൊണ്ടാണ് നവംബർ ഒന്നാം തീയതി കേരളം അതിദാരിദ്ര്യ വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെടുമ്പോൾ ഞാൻ ഏറെ സന്തോഷിക്കുന്നത്. സംസ്ഥാനം പൊതുവെ സമ്പന്നമായപ്പോഴും തങ്ങളുടേതായ കാരണങ്ങളാൽ അല്ലാതെ അതി ദാരിദ്ര്യത്തിൽ പെട്ട ഒരു ചെറിയ ശതമാനം ആളുകൾ നമ്മുടെ ചുറ്റും ഉണ്ടായിരുന്നു. നമ്മൾ മിക്കവരും അവരുടെ സാന്നിധ്യം ശ്രദ്ധിച്ചിട്ടുകൂടിയില്ല.
പക്ഷെ ഇപ്പോഴത്തെ നമ്മുടെ ഭരണകൂടം ഇക്കാര്യത്തിൽ കാണിച്ച കരുതൽ എടുത്തു പറയേണ്ടതാണ്. അതി ദാരിദ്ര്യത്തിൽ ഉള്ളവർ ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെ ആയിട്ടു പോലും തിരഞ്ഞെടുപ്പുകളുടെ കണക്കുകൂട്ടലുകളിൽ പ്രസക്തമല്ലാത്ത ഒരു വോട്ട് ബാങ്ക് അല്ലാതിരുന്നിട്ടും ‘അരിയെവിടെ തുണിയെവിടെ’ എന്ന മുദ്രാവാക്യം മതിലുകളിൽ നിന്നും അപ്രത്യക്ഷമായിട്ടും അതിദരിദ്രരെ സർക്കാർ മറന്നില്ല.
അതി ദരിദ്രരെ കണ്ടെത്തി അവരെ ദാരിദ്ര്യത്തിൽനിന്നും മോചിപ്പിക്കാനുള്ള കൃത്യമായ പ്ലാനിങ്ങോടെ ഉള്ള ഒരു ‘whole of government’ രീതിയാണ് സർക്കാർ നടപ്പിലാക്കിയത്. ഇതിനെപ്പറ്റി Jayaprakash Bhaskaran വളരെ വിശദമായ ഒരു കുറിപ്പ് ഇട്ടിട്ടുണ്ട്, വായിച്ചിരിക്കേണ്ടതാണ്.
അതി ദരിദ്രർ ഇല്ലാത്ത കേരളം ഒരു സുപ്രഭാതത്തിൽ കേരളപ്പിറവി ദിനത്തിൽ യാദൃശ്ചികമായി സംഭവിച്ചതല്ല. അത് കരുതലുള്ള ഒരു ഭരണാധികാരിയുടെ, ഒരു ഭരണകൂടത്തിന്റെ, കൃത്യമായ ഇടപെടലാണ്.
അനുമോദിക്കപ്പെടേണ്ടതാണ്. ആഘോഷിക്കേണ്ട നേട്ടമാണ്. മലയാളിയെന്നതിൽ വീണ്ടും അഭിമാനിക്കുന്ന നിമിഷമാണ്.
മുരളി തുമ്മാരുകുടി



