റെയിൽവേ ട്രാക്കിൽ സ്ഫോടക വസ്‌തു കണ്ട് പോലീസിനെ വിളിച്ചു; അന്വേഷണത്തിൽ ട്വിസ്റ്റ്, ഹീറോയാകാൻ ശ്രമിച്ച ഇൻഫോർമർ പിടിയിൽ

നാട്ടിൽ ഹീറോയാകാൻ നടത്തിയ നീക്കം പോലീസ് കണ്ടെത്തിയതിന് പിന്നാലെ വിമുക്ത ഭടൻ അറസ്റ്റിൽ. ഗുജറാത്തിലെ അംഗധിനടുത്തുള്ള ചരക്ക് ഗതാഗത ഇടനാഴിയിൽ റെയിൽവേ ട്രാക്കുകളിൽ നിന്ന് പടക്കം പിടിച്ചെടുത്ത സംഭവത്തിലാണ് അറസ്റ്റ്. വിമുക്ത ഭടനും, ജമ്മു കശ്മീർ സ്വദേശിയുമായ മുഷ്താഖ് അഹമ്മദ് മുഹമ്മദ് ഷെയ്ഖ് (47) ആണ് വഡോദരയിൽ പിടിയിലായത്. നിലവിൽ റെയിൽവേ ലൈൻമാനായി ജോലി ചെയ്യുന്ന ഇദ്ദേഹം ട്രാക്കിൽ പടക്കം വെച്ച ശേഷം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഒരു ‘ഹീറോ’ ആയി അറിയപ്പെടാനുള്ള ആഗ്രഹമാണ് തന്നെ ഇതിലേക്ക് നയിച്ചതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.
ജമ്മു കശ്മീർ സ്വദേശിയായ മുഷ്താഖ് അഹമ്മദ് മുഹമ്മദ് ഷെയ്ഖ് 2024 മുതൽ റെയിൽവേ പോലീസിലാണ് ജോലി ചെയ്യുന്നത്. റെയിൽവേ ട്രാക്കുകളിൽ പട്രോളിംഗ് നടത്തുന്നതിനായി കരാർ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ നിയമിച്ചത്. ഷെർഖി ഗ്രാമത്തിലാണ് ഇയാൾ താമസിച്ചിരുന്നത്. ഇവിടെ നടന്ന ഒരു വിവാഹത്തിന് പൊട്ടിക്കാനെത്തിച്ച പടക്കമാണ് പ്രതി, ഇവിടെ നിന്നും സംഘടിപ്പിച്ച് റെയിൽവേ ട്രാക്കിൽ വെച്ചത്.
കരാർ പ്രകാരം മുഷ്താഖ് അഹമ്മദ് മുഹമ്മദ് ഷെയ്ഖിൻ്റെ ജോലി ഈ വർഷം അവസാനിക്കും. റെയിൽവേയിൽ ആത്മാർത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാർക്ക് പലപ്പോഴും പ്രതിഫലം നൽകുകയോ, തൊഴിൽ കാലാവധി നീട്ടുകയോ ചെയ്യാറുണ്ടെന്ന് താൻ അറിഞ്ഞതായി ഇയാൾ പോലീസിനോട് പറഞ്ഞു. തന്റെ കരാറിന്റെ കാലാവധി നീട്ടുന്നതിനാണ്, ഹീറോ പരിവേഷം നേടാനായി ഈ പ്രവൃത്തി ആസൂത്രണം ചെയ്തതെന്നും ഇയാൾ സമ്മതിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഡോ. ജഗദീഷ് ചാവ്ദ പറഞ്ഞു



