സിപിഐയിൽ വൻ പൊട്ടിത്തെറി; രാജിവെച്ച നേതാക്കൾ ഉൾപ്പെടെ 325 പേർ സിപിഎമ്മിലേക്ക്

കുണ്ടറ സിപിഐയിൽ വൻ പൊട്ടിത്തെറി. വിഭാഗീയ പ്രശ്നങ്ങളെ തുടർന്ന് സിപിഐയിൽ നിന്ന് രാജിവെച്ച നേതാക്കൾ ഉൾപ്പെടെ 325 പേർ ഉടൻ സിപിഎമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. സിപിഐ സംസ്ഥാന നേതൃത്വത്തെ പോലും ധിക്കരിക്കുന്ന ജില്ലാ സെക്രട്ടറി പി എസ് സുപാലിൻറെ നിലപാടിൽ പ്രതിഷേധിച്ച് കൊണ്ടാണ് വിമതരുടെ നീക്കം.

കഴിഞ്ഞ ഏപ്രിലിൽ നടന്ന സിപിഐ മണ്ഡലം സമ്മേളനത്തോടെയാണ് സിപിഐയിലെ വിഭാഗീയത രൂക്ഷമാകുന്നത്. പുതിയ മണ്ഡലം സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം തുടങ്ങിയത്. നിലവിലെ സെക്രട്ടറി ടി സുരേഷ് കുമാറിന് പകരം എട്ട് തവണ സെക്രട്ടറിയായ സേതുനാഥിൻറെ പേര് ജില്ലാ നേതൃത്വം നിർദ്ദേശിച്ചു. പുതിയ 25 അംഗ കമ്മിറ്റിയിലെ 14 പേരും ഇതിനെ എതിർത്തു. പത്ത് പേര് പിന്തുണച്ചു. എന്നാൽ ഭൂരിപക്ഷ തീരുമാനം മാനിക്കാതെ സേതുനാഥിനെ തൊട്ടടുത്ത ദിവസം ചേർന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. മാത്രമല്ല, അച്ചടക്ക ലംഘനം ആരോപിച്ച് സുരേഷ് കുമാർ അടക്കം രണ്ട് ജില്ലാ കൗൺസിൽ അംഗങ്ങളേയും ഒരു മണ്ഡലം കമ്മിറ്റി അംഗത്തേയും പാർട്ടിയിൽ നിന്ന് സസ്പെൻറ് ചെയ്തു. പിന്നീട് കൺട്രോൾ കമ്മീഷൻ, സസ്പെൻഷന് നടപടി റദ്ദാക്കുകയും സേതുനാഥിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാനും നിർദ്ദേശിച്ചു. സംസ്ഥാന നേതൃത്വം ഇത് അംഗീകരിച്ചിട്ടും ജില്ല സെക്രട്ടറി പി എസ് സുപാൽ ഇത് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് മണ്ഡലത്തിലെ നേതാക്കൾ ഉൾപ്പടെ പാർട്ടിയിൽ നിന്ന് രാജിവെച്ച് സിപിഎമ്മിൽ ചേരുന്നത്.

Related Articles

Back to top button