റെയ്ഡിന് പോയ വീട്ടിൽ നിന്ന് സ്വർണവും മൊബൈൽ ഫോണും മോഷ്ടിച്ചു.. എക്സൈസ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ…

വാറ്റുചാരായം പിടിക്കാന്‍ പോയ എക്സൈസ് ഉദ്യോഗസ്ഥന്‍ പ്രതിയുടെ വീട്ടിൽ നിന്ന് സ്വർണാഭരണവും മൊബൈൽ ഫോണും മോഷ്ടിച്ചു. ചടയമംഗലം എക്സൈസ് ഓഫിസിലെ സിവിൽ എക്സൈസ് ഓഫീസർ ഷൈജുവാണ് പൊലീസിന്റെ പിടിയിലായത്.പ്രതിയായ അന്‍സാരിയുടെ വീട്ടില്‍ നിന്ന് മോഷ്ടിച്ച മൊബൈല്‍ഫോണ്‍ ഉപയോഗിച്ചതാണ് ഷൈജുവിനെ കുടുക്കിയത്.

കഴിഞ്ഞ വർഷം ഡിസംബർ ഒന്നിനാണ് ചാരായം വാറ്റിയതിന് ചിതറ മാങ്കോട് തെറ്റിമുക്കില്‍ താമസിക്കുന്ന അന്‍സാരിയെ വീട്ടിലെത്തിൽ എക്സൈസ് അറസ്റ്റ് ചെയ്തത്. 42 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ അന്‍സാരി വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിലെ മെത്തയുടെ അടിയില്‍ സൂക്ഷിച്ചിരുന്ന അഞ്ചുപവന്റെ സ്വര്‍ണമാലയും പത്തുഗ്രാമിന്റെ ലോക്കറ്റും മൊബൈല്‍ഫോണും ഒരു ടോര്‍ച്ചും നഷ്ടപ്പെട്ടതായി മനസിലാക്കിയത്.

പൊലീസില്‍ പരാതി നല്‍കിയെങ്കിലും കൃത്യമായ അന്വേഷണം നടന്നില്ല. പിന്നീട് അൻസാരി കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടെ മോഷണം പോയ മൊബൈൽ ഫോൺ ഉപയോ​ഗിക്കുന്നുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഈ അന്വേഷണം ചെന്നെത്തിയത് എക്സൈസ് ഉദ്യോഗസ്ഥനായ ഷൈജുവിലാണ്.ഷൈജു മോഷ്ടിച്ച സ്വർണാഭരണങ്ങൾ കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ആറ് ഉദ്യോഗസ്ഥരാണ് അൻസാരിയുടെ വീട്ടിൽ വാറ്റുചാരായം പിടിക്കാന്‍ എത്തിയത്. ഷൈജുവിനൊപ്പം ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് പങ്കുളളതായി തെളിഞ്ഞിട്ടില്ല

Related Articles

Back to top button