കൊലപാതകം നടന്ന് 31 വർഷത്തിന്‌ ശേഷം ചെങ്ങന്നൂരിൽ തെളിവെടുപ്പ്… സ്ഥലം പൊലീസിന് കാട്ടിക്കൊടുത്തത്…

കൊലപാതകം നടന്ന് 31 വർഷത്തിന്‌ ശേഷം പ്രതിയുമായി തെളിവെടുപ്പ് നടത്തി. ചെറിയനാട് അരിയന്നൂർ ചെന്നങ്കോടത്ത്‌ വീട്ടിൽ കുട്ടപ്പണിക്കരെ (71) മർദിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി അരിയന്നൂർശേരി കുറ്റിയിൽ പടീറ്റതിൽ ജയപ്രകാശിനെയാണ്‌ (57) ചെങ്ങന്നൂർ സി ഐ എ സി വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തെളിവെടുപ്പിന്‌ ചെറിയനാട് എത്തിച്ചത്. 1994 നവംബർ 15 ന് രാത്രി എഴോടെയായിരുന്നു കൊലപാതകം. ജയപ്രകാശിന്റെ അച്ഛനെതിരെ അപകീർത്തികരമായി സംസാരിച്ചെന്ന്‌ ആരോപിച്ചാണ്‌ ഇയാൾ കുട്ടപ്പ പണിക്കരെ കല്ലുകൊണ്ട് മർദിച്ചത്‌. സംഭവത്തിനുശേഷം പിറ്റേന്ന് ഇയാൾ മുംബൈക്ക്‌ പോയി. ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 1994 ഡിസംബർ 15ന് കുട്ടപ്പപ്പണിക്കർ മരിച്ചു.

കുട്ടപ്പപ്പണിക്കർ മരിച്ചതറിഞ്ഞ് ജയപ്രകാശ്‌ സൗദിയിലെ തന്റെ ജോലി സ്ഥലത്തേക്ക് മടങ്ങി. 1999 ൽ കോടതി ജയപ്രകാശിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. മൂന്ന് വർഷത്തിന്‌ ശേഷം കാസർകോഡ് സ്വദേശി എന്ന വ്യാജേന ചെന്നിത്തലയിൽ നിന്ന് ഇയാൾ വിവാഹം കഴിച്ചു. തുടർന്ന് എല്ലാ വർഷവും അവധിക്ക്‌ ജയപ്രകാശ് ചെന്നിത്തലയിൽ എത്തിയിരുന്നെങ്കിലും ഭാര്യ വീടിന്റെ വിലാസത്തിൽ പാസ്‌പോർട്ട് പുതുക്കിയിരുന്നതിനാൽ ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. രഹസ്യവിവരത്തെത്തുടർന്ന് ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രന്റെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡി വൈ എസ്‌ പി പി ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സെപ്‌തംബർ രണ്ടിന് നാട്ടിലെത്തിയ പ്രതിയെ ചെന്നിത്തല ഭാര്യവീടിന്‌ സമീപത്തുനിന്ന്‌ പിടികൂടിയത്. തെളിവെടുപ്പിന്‌ എത്തിച്ച ജയപ്രകാശ് അരിയന്നൂർശേരി പി ഐ പി കനാൽ ബണ്ടിന്‌ സമീപം സംഭവസ്ഥലം പൊലീസിന്‌ കാണിച്ചുകൊടുത്തു. എസ് ഐ എസ് പ്രദീപ്, സി പി ഒമാരായ ബിജോഷ്‌കുമാർ, വിബിൻ കെ ദാസ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

Related Articles

Back to top button