കേരളത്തിൽ വിഎസ് വിലക്കിയതെല്ലാം സിപിഎമ്മിൻ്റെ നിലപാടായി മാറിയ കാഴ്ച…
ബദൽ രേഖ മുതൽ ഡിഐസി സഖ്യം വരെ വിഎസ് അച്യൂതാനന്ദൻ വിലക്കിയതൊക്കെ പിന്നീട് പാർട്ടി നിലപാടാകുന്ന കാഴ്ചയാണ് കേരളം കണ്ടത്. പാർട്ടിയിലെ ആൾബലത്തെ ആശ്രയിച്ചല്ല തത്വാധിഷ്ഠിത നിലപാടുകളെന്ന് തെളിയിക്കാൻ വിഎസിന് സാധിച്ചു
ശരീഅത്ത് വിവാദവും സ്ത്രീകളോടുള്ള ഇസ്ലാമിന്റെ സമീപനവും കേരള രാഷ്ട്രീയത്തിൽ പുകഞ്ഞ് നിന്ന അതേ കാലത്താണ് ദീർഘകാല ഭരണമെന്ന ലക്ഷ്യത്തോടെ സിപിഎമ്മിലെ ഒരു വിഭാഗം മുസ്ലിം ലീഗിനെ മുന്നണിയിൽ ഉൾപ്പെടുത്തണമെന്നടക്കം ആവശ്യവുമായി ബദൽ രേഖ അവതരിപ്പിച്ചത്. 1985 ലെ പാർട്ടി സംസ്ഥാനസമ്മേളനത്തോടനബന്ധിച്ചായിരുന്നു ഇത്. പാർട്ടിയുടെ ജനകീയമുഖങ്ങളായ എംവി രാഘവനും ഇകെ നായനാറുമടക്കം ബദൽരേഖയ്ക്കൊപ്പം നിന്നു. വർഗ്ഗീയ സംഘടനാബന്ധം വേണ്ടെന്ന ഇഎംസിന്റെയും പിബിയുടെയും നിലപാട് നടപ്പാക്കാൻ ചരട് വലിച്ചത് വിഎസായിരുന്നു. അന്നത്തെ ചേരിതിരിവ് എംവി രാഘവനെയും മറ്റ് രണ്ട് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെയും പുറത്താക്കുന്നത് വരെയെത്തി.
അച്യുതാനന്ദൻ ജയിച്ച് കയറിയത് ആശയമാണ് പ്രധാനമെന്ന നിലപാടുയർത്തിപ്പിടിച്ചായിരുന്നു. പിന്നീട് തദ്ദേശ തെരഞ്ഞെടുപ്പിലടക്കം മലപ്പുറത്തും മറ്റും സിപിഎം ലീഗുമായി അടവ് സഖ്യമുണ്ടാക്കിയപ്പോഴും അത് സംസ്ഥാനതല സഖ്യമാകാതിരുന്നത് അച്യുതാനന്ദന്റെ കടുംപിടിത്തം കാരണമാണ്. ബദൽരേഖാ കാലത്ത് ഇഎംഎസ് ശരീഅത്ത് വിവാദത്തെയെന്ന പോലെ കാലാകാലങ്ങളിൽ മുസ്ലിം വിഷയങ്ങൾ ആളികത്തിച്ചാണ് അച്യതാനന്ദൻ ലീഗിനെ അകറ്റി നിർത്തിയത്.



