എല്ലാം ഷംസീറിന്റെ തിരക്കഥ; സ്പീക്കറുടെ ഫോൺ കോളുകൾ പരിശോധിക്കണമെന്ന് യൂത്ത് കോൺഗ്രസ്, പരാതി…

സ്പീക്കർ എ എൻ ഷംസീറിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്. സ്പീക്കറുടെ ഫോൺ കോളുകൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി. വീണാ ജോർജിന് നേരെ അതിക്രമം ഉണ്ടായി എന്ന പരാതി സ്പീക്കറുടെ തിരക്കഥയാണെന്ന് യൂത്ത് കോൺഗ്രസ്, കെഎസ്യു നേതാക്കൾ നിരന്തരം ആരോപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സ്പീക്കർക്കെതിരെ പരാതി നൽകിയിരിക്കുന്നത്.
വീണാ ജോർജിന് അതിക്രമം നേരിട്ടു എന്നത് സ്പീക്കർ എ എൻ ഷംസീറിന്റെ തിരക്കഥയാണ് എന്നാണ് കെഎസ്യു നേതാക്കൾ ആരോപിക്കുന്നത്. വീണാ ജോർജ് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ് നടത്തിയതെന്നും എ എൻ ഷംസീർ തയാറാക്കിയ തിരക്കഥയിലുണ്ടായ നാടകമാണത് എന്നുമായിരുന്നു കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന്റെ പ്രതികരണം. കരിങ്കൊടിയുടെ നൂലിഴ പോലും മന്ത്രിയെ സ്പർശിച്ചിട്ടില്ല. മന്ത്രി നടത്തിയ വ്യാജ ആരോപണത്തിൻ്റെ പേരിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി കലാപത്തിന് ആഹ്വാനം ചെയ്തു. വീണാ ജോർജ് അഭിനയ റാണിയാണ് എന്നും, മാപ്പ് പറയണമെന്നും അലോഷ്യസ് സേവ്യർ കൂട്ടിച്ചേർത്തു.
അതിക്രമപരാതിയുടെ തിരക്കഥ തയാറാക്കിയത് ഷംസീറാണ് എന്നായിരുന്നു യൂത്ത് കോൺഗ്രസ് നേതാവ് ബിനു ചുള്ളിയിലിന്റെ വിമർശനം. ആരോഗ്യമേഖലക്കെതിരായ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഈ പരാതിയൊന്നും ബിനു പറഞ്ഞു. സമാന ആരോപണം ആവർത്തിച്ച യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കെ എം അഭിജിത്ത് ഡിജിപിക്കെതിരെയും രംഗത്തുവന്നു. ഡിജിപി എകെജി സെന്ററിലെ കഞ്ഞികുടിച്ച് യൂത്ത് കോൺഗ്രസിനെതിരെ വധശ്രമത്തിന് കേസെടുക്കുന്നുവെന്നും, എകെജി സെന്ററിലെ പ്യൂൺ ആണ് അദ്ദേഹമെന്നുമാണ് അഭിജിത്ത് വിമർശിച്ചത്. യൂത്ത് കോൺഗ്രസ് മന്ത്രിയെ ആക്രമിക്കില്ല, എന്നാൽ സിപിഐഎം ആക്രമിക്കും. രക്തസാക്ഷി പരിവേഷത്തിനായി നാടകം കളിക്കുകയാണ് മന്ത്രി. സിപിഐഎമ്മുകാർ തന്നെ മന്ത്രിയെ ആക്രമിച്ചേക്കാമെന്നും അതിനാൽ മന്ത്രിയുടെ സുരക്ഷ ശക്തമാക്കണമെന്നും അഭിജിത്ത് ആവശ്യപ്പെട്ടു. മന്ത്രി വീണാ ജോർജ് മികച്ച നടിയാണെന്നും അഭിജിത്ത് പറഞ്ഞു.




