ഭരണഘടനയുടെ മൂല്യങ്ങൾ പോലും അപകടത്തിൽ…. അധികാരത്തിന്‍റെ തണലിൽ സാമൂഹ്യ ദ്രോഹികൾ അഴിഞ്ഞാടുകയാണെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ്…
രാജ്യത്ത് ഭരണഘടനയുടെ മൂല്യങ്ങൾ പോലും അപകടത്തിലാണെന്നും സാമൂഹ്യ വിരുദ്ധ ശക്തികൾ അഴിഞ്ഞാടുകയാണെന്നും തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി തുറന്നടിച്ചു. ഛത്തീസ്ഗഡിൽ കന്യാസ്ത്രീമാർ അറസ്റ്റിലായ സംഭവത്തിൽ കണ്ണൂർ കരുവഞ്ചാലിൽ കത്തോലിക്കാ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബജ്‌റംഗ് ദൾ പോലുള്ള സംഘടനകൾ പോലീസ് സ്റ്റേഷനുകൾ പോലും നിയന്ത്രിക്കുന്ന അവസ്ഥയാണുള്ളതെന്നും, ഇത്തരം ശക്തികളെ നിയന്ത്രിക്കാൻ ഭരണകൂടം തയ്യാറാകണമെന്നും ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.
“കേക്കും ലഡുവുമായി ആരും എന്റെ അരമനയിലേക്ക് വരേണ്ടതില്ല. ഭരണഘടനയെ പശു തിന്നുന്നതുപോലുള്ള ദുരവസ്ഥയിലാണ് ഇന്ന് നമ്മുടെ രാജ്യം,” പാംപ്ലാനി തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി. ഛത്തീസ്ഗഡിൽ നടന്ന സംഭവം സഭ രാഷ്ട്രീയമായി കാണുന്നില്ലെന്നും, മറിച്ച് വിശ്വാസികൾക്കെതിരായ അതിക്രമമായിട്ടാണ് ഇതിനെ വിലയിരുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂരിപക്ഷത്തിന്റെയും അധികാരത്തിന്റെയും പിൻബലത്തിൽ സാമൂഹ്യ ദ്രോഹികൾ അഴിഞ്ഞാടുകയാണെന്നും, ഇത് കാലം മാപ്പ് നൽകാത്ത കാപാലികത്വമാണെന്നും ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം നിൽക്കുകയും ചെയ്യുന്ന നാടകങ്ങൾ ഇനിയും വിശ്വസിക്കാനാവില്ലെന്ന് പറഞ്ഞ അദ്ദേഹം, വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഓലപ്പാമ്പ് കാണിച്ച് പേടിപ്പിച്ചാൽ അടിയറവ് വെക്കില്ലെന്നും ദൃഢമായി പ്രഖ്യാപിച്ചു.