മരിച്ച് വീണാലും പ്രതികരിക്കും…പ്രതിഷേധവുമായി സിപിഐഎം പ്രവർത്തകർ…
കൊല്ലം : കരുനാഗപ്പള്ളി സിപിഐഎം കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനത്തിലെ തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ പ്രതിഷേധം തെരുവിലെത്തി. ഏറ്റവും ഒടുവിൽ ഒരുവിഭാഗം പ്രവർത്തകർ സിപിഐഎം കരുനാഗപ്പള്ളി ഏരിയാകമ്മിറ്റി ഓഫീസിലേയ്ക്ക് പ്രതിഷേധ പ്രകടനം നടത്തിയിരിക്കുകയാണ്. നേരത്തെ സമ്മേളനത്തിൽ പുതിയതായി അവതരിപ്പിച്ച പാനലിനെതിരെയും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിക്കെതിരെയും പ്രതിഷേധം ഉയർന്നിരുന്നു. മാത്രമല്ല നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി ‘സേവ് സിപിഐഎം’ എന്ന പേരിൽ പോസ്റ്ററുകളും പതിച്ചിരുന്നു. ഇതിൻ്റെ പിന്നാലെയാണ് സിപിഐഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് ഒരു വിഭാഗം പ്രകടനവുമായി രംഗത്തിറങ്ങിയത്. ‘സേവ് സിപിഐഎം’ എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് പ്രതിഷേധ പ്രകടനം നടന്നത്. ഏരിയാ കമ്മിറ്റി ഓഫീസിനുമുന്നിൽ വലിയ പൊലീസ് സന്നാഹം ഒരുക്കിയിയിരുന്നു. പ്രതിഷേധം സംഘടിപ്പിച്ചവരിൽ കൂടുതലും വനിതകളായിരിന്നു. വിഷയത്തിൽ വളരെ വൈകാരികമായാണ് പ്രതിഷേധത്തിൽ പങ്കെടുത്ത വനിതാ പ്രവർത്തകർ പ്രതികരിച്ചത്.