ആർടിഒയ്‌ക്കെതിരെ പരാതി പ്രളയം.. ആർടിഒയുടെ ഭാര്യയും മോശമല്ല.. കൊച്ചിയിൽ തുണിക്കടയുടെ മറവിൽ 75 ലക്ഷം തട്ടിയെടുത്തെന്ന് യുവ സംരംഭകൻ…

ernakulam rto arrest latest update

കൈക്കൂലിക്കേസില്‍ പിടിയിലായ എറണാകുളം ആര്‍ടിഒ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി യുവ സംരഭകന്‍. ആര്‍ടിഒ ജേഴ്സണും ഭാര്യയും ചേര്‍ന്ന് കൊച്ചിയില്‍ തുടങ്ങിയ തുണിക്കടയുടെ മറവിലായിരുന്നു 75 ലക്ഷം രൂപയുടെ തട്ടിപ്പ്. പണം തിരികെ ചോദിച്ചപ്പോള്‍ ‘പണി തരുമെന്ന്’ ഭീഷണിപ്പെടുത്തി. ആര്‍ടിഒ പിടിയിലായതോടെ ധൈര്യം സംഭരിച്ച് പരാതിയുമായി പൊലീസിനെയും വിജിലന്‍സിനെയും സമീപിച്ചിരിക്കുകയായിരുന്നെന്ന് യുവാവ് പറയുന്നു.

വിറ്റഴിച്ച തുണിത്തരങ്ങള്‍ക്ക് പണം ചോദിച്ചു ചെന്ന തന്നെ ആര്‍ടിഒ ആട്ടിപ്പായിച്ചതായി യുവസംരഭകന്‍ അല്‍ അമീന്‍ പറയുന്നു.ഉമ്മയ്ക്കൊപ്പം കൊച്ചിയില്‍ ഡ്രീംസ് ഫാഷനെന്ന പേരില്‍ തുണിക്കട നടത്തുകയാണ് ഇദ്ദേഹം. കടയിലെ നിത്യസന്ദര്‍ശകനായിരുന്നു ആര്‍ടിഒയും ഭാര്യയും. പതിയെ തുണികച്ചവടത്തില്‍ കണ്ണുടക്കിയ ജേഴ്സണ്‍, 2022ല്‍ ഭാര്യയുടെ പേരില്‍ മാര്‍ക്കറ്റ് റോഡില്‍ സ്വന്തമായി തുണിക്കട തുറന്നു. അല്‍ അമീനെ തെറ്റിധരിപ്പിച്ച് ഡ്രീംസ് ഫാഷനില്‍ നിന്ന് സ്വന്തം കടയിലേക്ക് പലതവണയായി 75 ലക്ഷം രൂപയുടെ തുണിത്തരങ്ങള്‍ ആര്‍ടിഒ വാങ്ങി.

കടയുടെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്ന മുറയ്ക്ക് പണം തിരികെ നല്‍കാമെന്ന് കരാർ ഒപ്പിട്ടു. പിന്നീട് ആർടിഒ, ഭാര്യയുടെയും അല്‍ അമീന്‍റെയും പേരില്‍ ജിഎസ്ടി റജിസ്ട്രേനും ജോയിന്‍റ് അക്കൗണ്ടുമടക്കം തുടങ്ങി. എന്നാല്‍ കച്ചവടം പൊടിപൊടിച്ചിട്ടും അൽ അമീന് പണം തിരികെ നല്‍കിയില്ല. വിറ്റ് വരവ് കണക്കുകള്‍ മൂടിവച്ചുവെന്നാണ് ആരോപണം. സഹികെട്ട് തൻ്റെ പണം തിരികെ ചോദിച്ചു ചെന്ന അൽ അമീനോട് പണി തരുമെന്ന ഭീഷണിയായിരുന്നു മറുപടിയെന്നാണ് ആരോപണം. പണം ചോദിച്ച് വീട്ടിലേക്ക് ചെന്നാല്‍ പട്ടിയെ തുറന്ന് വിടുമെന്നും ആർടിഒ ജഴ്‌സൺ ഭീഷണിപ്പെടുത്തി.

നിയമനടപടിക്ക് മുതിർന്നെങ്കിലും ഭയം കാരണം മുന്നോട്ട് പോയില്ല. ഒടുവില്‍ കൈക്കൂലി കേസില്‍ ആർടിൊ അറസ്റ്റിലായെന്ന് അറിഞ്ഞതോടെയാണ് ധൈര്യം സംഭരിച്ച് പൊലീസിനെ സമീപിച്ചതെന്ന് യുവാവ് പറയുന്നു. സസ്പെന്‍ഷനിലായ ആര്‍ടിഒയുടെ എല്ലാ സാമ്പത്തിക ക്രമക്കേടും വിശദമായി അന്വേഷിക്കാനുള്ള നീക്കത്തിലാണ് വിജിലന്‍സ്.

Related Articles

Back to top button