എറണാകുളം – ബംഗളൂരു.. കേരളത്തിന് മൂന്നാം വന്ദേഭാരത്..

കേരളത്തിലെ റെയിൽ ഗതാഗതത്തിന് ഉണർവ് പകരാൻ മൂന്നാം വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ വരുന്നു. എറണാകുളത്ത് നിന്നും തൃശൂർ, പാലക്കാട് വഴി ബംഗളൂരുവിലേക്കാണ് പുതിയ ട്രെയിൻ സർവീസ് നടത്തുക. പുതിയ വന്ദേഭാരത് ട്രെയിൻ അനുവദിച്ചതായി കേന്ദ്ര റെയിൽ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പത്രക്കുറിപ്പിൽ അറിയിച്ചു.
നവംബർ പകുതിയോടെ വന്ദേഭാരത് ട്രെയിൻ സർവ്വീസ് ആരംഭിക്കുമെന്നാണ് അറിയിപ്പ്. കേന്ദ്ര റെയിൽ മന്ത്രിയുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നടത്തിയ ഓൺലൈൻ യോഗത്തിലാണ് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചതെന്നും പത്രക്കുറിപ്പ് അറിയിച്ചു. കേരളത്തിന് മൂന്നാമത് വന്ദേ ഭാരത് അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുന്നതായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ പ്രതികരിച്ചു.
ഐടി മേഖലയിലടക്കം ഒട്ടേറെ മലയാളികൾ ജോലി ചെയ്യുന്ന ബംഗളൂരുവിലേക്കുള്ള യാത്രാ പ്രതിസന്ധിക്ക് ഇളവ് നൽകാൻ പുതിയ ട്രെയിൻ സർവീസിന് സാധിക്കുമെന്നും ബിജെപി അധ്യക്ഷൻ പ്രതീക്ഷ പങ്കുവച്ചു. ഉൽസവ സീസണുകളിൽ ഉൾപ്പെടെ അമിത ചാർജ് ഈടാക്കി സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾളുടെ കൊള്ളയ്ക്കും പരിഹാരമാകും.