പരീക്ഷാ ഹാളിൽ കയറി.. ഉത്തരക്കടലാസിൽ വിവരം പൂരിപ്പിച്ചു… ഉടൻ അറിയിപ്പ്…പരീക്ഷ മാറ്റി…കാരണം
കണ്ണൂർ സർവകലാശാലയിൽ പരീക്ഷാ നടത്തിപ്പിൽ തുടർ വീഴ്ചകൾ.ചോദ്യപ്പേപ്പർ ചോർച്ച വിവാദം തീരും മുമ്പെ ഇന്നലെ ഓൺലൈനിൽ ചോദ്യപ്പേപ്പർ എത്താത്തതിനാൽ പരീക്ഷകൾ മുടങ്ങിയ സംഭവവുമുണ്ടായതോടെ സർവകലാശാലക്ക് വലിയ നാണക്കേടായി. സാങ്കേതിക പ്രശ്നമെന്ന് സർവകലാശാല വിശദീകരിക്കുന്നെങ്കിലും, ചോദ്യപ്പേപ്പർ തയ്യാറാക്കുന്നതിലും വിതരണം ചെയ്യുന്നതിലുമുളള വീഴ്ചകൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. പരീക്ഷ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പാണ് കോളേജുകളിലേക്ക് ഓൺലൈനായി ചോദ്യങ്ങൾ അയക്കുക. കഴിഞ്ഞ ആഴ്ച ഇത്തരത്തിൽ അയച്ച ചോദ്യപ്പേപ്പർ കാസർകോട്ടെ കോളേജിൽ ചോർത്തുകയും പ്രിൻസിപ്പൽ പ്രതിയാകുകയുമുണ്ടായി. പരീക്ഷ നടത്തിപ്പിൽ കണ്ണൂർ സർവകലാശാലയ്ക്കെതിരെ വിമർശനമുയർന്നു. പ്രതിഷേധങ്ങളുണ്ടായി. അത് കത്തിത്തീരും മുമ്പാണ് ചോദ്യപ്പേപ്പറില്ലാത്തതിനാൽ പരീക്ഷ മുടങ്ങിയ സംഭവമുണ്ടായത്. നാല് വർഷ ബിരുദ പ്രോഗ്രാമിൽ മൾട്ടി ഡിസിപ്ലിൻ കോഴ്സുകളിലെ പതിനാല് വിഷയങ്ങളിലെ പരീക്ഷയാണ് മുടങ്ങിയത്. വിദ്യാർത്ഥികൾ പരീക്ഷാ ഹാളിൽ കയറി, ഉത്തരക്കടലാസിൽ വിവരങ്ങൾ പൂരിപ്പിച്ച് കഴിഞ്ഞാണ് ചോദ്യപ്പേപ്പർ കോളേജുകളിലേക്ക് അയച്ചിട്ടില്ലെന്ന് അറിയുന്നത്.പരീക്ഷ മെയ് അഞ്ചിലേക്ക് മാറ്റിയ അറിയിപ്പ് പിന്നാലെ വന്നു. ഇതോടെ വലിയ പ്രതിഷേധമുണ്ടായി.