രോഗിയെ രക്ഷിച്ച സിഐടിയു നേതാവായ ആംബുലൻസ് ഡ്രൈവറെ അനുമോദനത്തിൻ്റെ പേരിൽ സ്ഥലം മാറ്റി…ജീവനക്കാർ പ്രതിഷേധത്തിൽ…
അത്യാഹിതത്തിലായ ഗർഭിണിയായ രോഗിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തിര ചികിത്സ നൽകിയ സി ഐ ടി യു നേതാവായ 108 ആംബുലൻസ് ഡ്രൈവറെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് കണ്ണൂർ പേരാവൂരിൽ 108 ആംബുലൻസ് ജീവനക്കാർ സമരത്തിൽ. സ്വകാര്യ ആശുപത്രി സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ അനുമതി ഇല്ലാതെ പങ്കെടുത്തിന്റെ പേരിലാണ് ആംബുലൻസ് ഡ്രൈവറെ സ്ഥലം മാറ്റിയത് എന്നാണ് ആക്ഷേപം. കണ്ണൂർ പേരാവൂർ സർക്കാർ ആശുപത്രിയിലെ ഡ്രൈവറും സി ഐ ടിയു 108 ആംബുലൻസ് യൂണിയൻ സംസ്ഥാന സെക്രട്ടറിയും സി പി എം നാൽപാടി ബ്രാഞ്ച് സെക്രട്ടറിയുമായ ധനേഷ് എ പിയെ കോഴിക്കോട് ജില്ലയിലേക്കാണ് സ്ഥലംമാറ്റിയത്. ഇതിൽ പ്രതിഷേധിച്ച് ഇന്നലെ രാവിലെ മുതൽ പേരാവൂർ ആശുപത്രിയിലെ 108 ആംബുലൻസ് ജീവനക്കാർ സർവീസ് നിർത്തിവെച്ച് സമരം നടത്തുകയാണ്.