കുട്ടികൾക്ക് വേണ്ടിയുള്ള ഐസുകൾ രുചിച്ച് നോക്കി ജീവനക്കാരൻ… കടപൂട്ടി രക്ഷപ്പെടാനൊരുങ്ങിയ ഉടമയെ…..
ഐസ് പാക്ക് ചെയ്യുന്നതിനിടെ ജീവനക്കാരന്‍ രുചിച്ചു നോക്കുന്ന ദൃശ്യം പുറത്തായതോടെ സ്ഥാപനത്തിലെ ഉപകരണങ്ങളുമായി രക്ഷപ്പെടാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. കോഴിക്കോട് എളേറ്റില്‍ വട്ടോളി – ഇയ്യാട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ‘ഐസ് – മി’ എന്ന സ്ഥാപനത്തിലാണ് വിവാദ സംഭവങ്ങള്‍ ഉണ്ടായത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പാക്കിംഗിനെടുക്കുന്ന ഐസുകള്‍ രുചിച്ചു നോക്കി പാക്ക് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുട്ടികള്‍ക്ക് വേണ്ടി ഐസ് വാങ്ങാന്‍ എത്തിയ മങ്ങാട് സ്വദേശി സജിത്താണ് ഇത് കണ്ടത്. മൊബൈല്‍ ഫോണില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സജിത്ത് പിന്നീട് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയായിരുന്നു. ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിച്ചതോടെ സ്ഥാപന ഉടമ നടപടി ഭയന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന ഉപകരണങ്ങളും മറ്റുമായി രാത്രി തന്നെ കാറില്‍ പോകാനുള്ള ശ്രമം നാട്ടുകാര്‍ ചേര്‍ന്ന് തടയുകയും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.
കൊടുവള്ളി പൊലീസ് സ്ഥലത്തെത്തി കാറില്‍ കയറ്റിയ സാധങ്ങളെല്ലാം തിരികെ കടയ്ക്കുള്ളില്‍ വെപ്പിക്കുകയും കാര്‍ കസ്റ്റഡിയില്‍ എടുത്ത് കട സീല്‍ ചെയ്യുകയും ചെയ്തു. തുടര്‍ നടപടികള്‍ക്കായി പൊലീസ് ആരോഗ്യ വകുപ്പിനെ ബന്ധപ്പെട്ടിട്ടുണ്ട്. ജില്ലയില്‍ മഞ്ഞപ്പിത്തം ഉള്‍പ്പെടെ പടരുന്ന സാഹചര്യത്തില്‍ സ്ഥാപനത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. സ്ഥാപനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.