E M അഗസ്തി വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക്

തദ്ദേശ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ഇ എം അഗസ്തി വീണ്ടും പാർട്ടിയിൽ സജീവമാകും. ഫേസ്ബുക്ക് കുറിപ്പിലൂടെ അഗസ്തി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

രമേശ് ചെന്നിത്തലയുടെ സ്നേഹ നിർബന്ധങ്ങൾക്ക് താൻ വഴങ്ങുന്നുവെന്നും ഹൃദയത്തിലാണ് കോൺഗ്രസെന്നും അദ്ദേഹം ഫേസ്ബുക്കിൽ കൂറിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് അഗസ്തിയുടെ തിരിച്ചുവരവെന്ന് സൂചനയുണ്ട്. മൂന്ന് തവണ എംഎൽഎ, ജില്ലാ ബാങ്ക് പ്രസിഡന്റ്, കെപിസിസി ജനറൽ സെക്രട്ടറി, ഡിസിസി പ്രസിഡന്റ് തുടങ്ങിയ പ്രമുഖ സ്ഥാനങ്ങൾ വഹിച്ച ആളാണ് അഗസ്തി. നേരത്തെ കട്ടപ്പന നഗരസഭയിലെ പരാജയത്തിന് പിന്നാലെ രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി ഇ എം അഗസ്തി പ്രഖ്യാപിച്ചിരുന്നു. ജനവിധിയെ മാനിക്കുന്നുവെന്നും അരനൂറ്റാണ്ടിലേറെ തുടർന്ന രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ സമയമായെന്ന് മനസിലാക്കുന്നുവെന്നുമാണ് അഗസ്തി അന്ന് പറഞ്ഞത്. ജീവിതകാലം മുഴുവൻ കോൺഗ്രസ് പാർട്ടിയ്ക്ക് വേണ്ടി പ്രവർത്തിക്കുമെന്നും ഇനി വേദിയിലല്ല സദസിലായിരിക്കും താൻ ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Related Articles

Back to top button