ആസിഡ് ആക്രമണത്തിൽ വഴിത്തിരിവ്.. പെണ്‍കുട്ടിയുടെ അച്ഛനെ കസ്റ്റഡിയിലെടുത്തു, സംഭവം….

ഡൽഹിയിൽ ആസിഡ് ആക്രമണത്തിൽ പെൺകുട്ടിക്ക് പരിക്കേറ്റ സംഭവത്തിൽ വഴിത്തിരിവ്.ആക്രമണത്തിന് ഇരയായ വിദ്യാർത്ഥിനിയുടെ പിതാവ് അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാവിനെ കേസിൽ പെടുത്താൻ വേണ്ടിയുള്ള നാടകം ആയിരുന്നു ആസിഡ് ആക്രമണമെന്ന് പിതാവ് മൊഴി നൽകിയതായി റിപ്പോർട്ട്. പെൺകുട്ടിക്കെതിരെയും പൊലീസ് കേസെടുത്തേക്കും എന്നാണ് വിവരം. ഇന്നലെ കോളേജിലേക്ക് പോകും വഴി മൂവർസംഘം പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയെന്നായിരുന്നു പരാതി. പെൺകുട്ടിക്ക് കൈക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇത് മനപ്പൂർവ്വം ചെയ്തതാണെന്നും പൊലീസ് സംശയിക്കുന്നു.

കഴിഞ്ഞ ദിവസം ലക്ഷ്മിഭായ് കോളേജിലേക്ക് പോകുംവഴിയാണ് വിദ്യാർത്ഥിനിയെ ബൈക്കിൽ എത്തിയ മൂവർസംഘം ആക്രമിച്ചത് എന്നായിരുന്നു പരാതി. പെൺകുട്ടിയുടെ മുഖത്തിനു നേരെ ആസിഡ് ഒഴിച്ചെങ്കിലും കൈകൊണ്ട് തടഞ്ഞതിനാൽ കൈക്ക് മാത്രമാണ് പരിക്കേറ്റത് എന്നാണ് പറഞ്ഞിരുന്നത്. തുടര്‍ന്ന് പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ഒന്നരവർഷമായി പ്രതികളിൽ ഒരാളായ ജിതേന്ദർ ശല്യപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടിയുടെ സഹോദരൻ പറഞ്ഞിട്ടുണ്ട്. ജിതേന്ദറിന്റെ ഭാര്യയോടടക്കം പെൺകുട്ടി ഇക്കാര്യം പറഞ്ഞിരുന്നതായും സഹോദരൻ വ്യക്തമാക്കി.

ഇതിന്റെ വൈരാഗ്യത്തിൽ ആകാം ആക്രമണം എന്നായിരുന്നു പൊലീസിന്‍റെ നിഗമനം. എന്നാല്‍ കേസ് കെട്ടിച്ചമച്ചത് ആണോ എന്നാണ് പൊലീസ് നിലവില്‍ സംശയിക്കുന്നത്. പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. സംഭവത്തിൽ ദേശീയ വനിത കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. 5 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ദില്ലി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി.

Related Articles

Back to top button