പോസ്റ്റ്‌മോർട്ടത്തിലും മരണ കാരണം വ്യക്തമായില്ല… താൾക്കൊല്ലി വനത്തിൽ 15 വയസുള്ള പിടിയാനയുടെ ജഡം കണ്ടെത്തി

താള്‍ക്കൊല്ലി ഉൾവനത്തിൽ ഒരു ദിവസം പഴക്കമുള്ള 15 വയസ്സ് പിന്നിട്ട കാട്ടാനയുടെ ജഡം ഞായറാഴ്ച രാവിലെ കണ്ടെത്തി. 1965 പ്ലാന്റേഷനോട് ചേർന്ന കാരീരിയിലെ ഫീൽഡ് പരിശോധനയ്ക്കാണ് വനവകുപ്പ് ഉദ്യോഗസ്ഥർ പിടിയാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
നിലമ്പൂർ സൗത്ത് ഡിഎഫ്‌ഒ ജി. ധനിക് ലാൽ ആനയുടെ ജഡം പോസ്റ്റ്മോർട്ടം ചെയ്യാൻ സംഘത്തെ നിയോഗിച്ചു. വനം വകുപ്പിലെ അസിസ്റ്റന്റ് വെറ്റിനറി സർജൻ ഡോ. എസ്. ശ്യാം, ഡോ. നൗഷാദലി, ഡോ. ജെ. ഐശ്വര്യ, വൈൽഡ് ലൈഫ് എക്സ്പർട്ട് ഡോ. അനൂപ് ദാസ്, എൻ.ജിയിൽ.ഒ പ്രതിനിധി ഹമീദ് വാഴക്കാട് എന്നിവർ ചേർന്ന് പോസ്റ്റ്മോർട്ടം നടത്തി. പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും ആന ചരിഞ്ഞത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. ആന്തരീകാവയവങ്ങൾ ശേഖരിച്ച് കൂടുതൽ പരിശോധനകൾക്ക് അയച്ചതായി അധികൃതർ അറിയിച്ചു.
കരുളായി വനം റേഞ്ച് ഓഫീസർ പി.കെ. മുജീബ് റഹ്മാൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ശിഹാബ്, ബി.എഫ്.ഒമാരായ അഷ്‌റഫലി, സുധാകരൻ, ഷിജു ടി. കുറുപ്പ് തുടങ്ങിയവർ നടപടിക്രമങ്ങൾ പൂർത്തിയാക്കി.


