മൂന്നാറിലെ മാട്ടുപ്പെട്ടി ഡിവിഷനിൽ അവശ നിലയിൽ കണ്ടെത്തിയ കാട്ടാനക്കുട്ടി ചരിഞ്ഞു..

മൂന്നാറിൽ അവശ നിലയിൽ കണ്ടെത്തിയ കാട്ടാന കുട്ടി ചരിഞ്ഞു. മാട്ടുപ്പെട്ടി ടോപ്പ് ഡിവിഷനിലെ പുൽമേട്ടിലാണ് കാട്ടാന കുട്ടിയെ അവശനിലയിൽ കണ്ടെത്തിയത്. ഇന്നലെ ജനിച്ച കാട്ടാന കുഞ്ഞാണെന്ന് ആദ്യം കരുതിയിരുന്നെങ്കിലും പിന്നീട് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ നടത്തിയ പരിശോധനയിൽ കുട്ടി ആന ജനിച്ചിട്ട് ഏതാനും ദിവസങ്ങളായെന്നും അവശനിലയിലാണെന്നും കണ്ടെത്തുകയായിരുന്നു.

ഇന്നലെ രാവിലെയാണ് സംഭവം വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ആനകുട്ടിയെ നിരീക്ഷിക്കാൻ ആർ.ആർ.റ്റി സംഘത്തിന് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ആനക്കുട്ടി നടക്കാതെ വന്നതോടെ പിടിയാനയും മറ്റൊരു മോഴയാനയുമടക്കം ഇവിടെ തമ്പടിച്ചിരുന്നു. ആനകൾ ഇവിടെ നിന്നും മാറിയ സമയത്ത് വനംവകുപ്പുദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ആനകുട്ടി അവശനിലയിലാണെന്ന് കണ്ടെത്തിയത്.

തുടർന്ന് വെറ്ററിനറി ഡോക്ടറെ എത്തിച്ച് കാട്ടാന കുട്ടിയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുന്നതിനും ചികിത്സ ലഭ്യമാക്കുന്നതിനും വനം വകുപ്പ് നടപടി സ്വീകരിച്ചുവെങ്കിലും കുട്ടിയാന ചെരിയുകയായിരുന്നു. കുട്ടിയാനയുടെ പോസ്റ്റുമോർട്ട നടപടികൾ ഞായറാഴ്ച നടത്തും. ഇതിനു ശേഷം മാത്രമെ മരണകാരണം വ്യക്തമാകുവെന്ന് വനംവകുപ്പ് അറിയിച്ചു.

Related Articles

Back to top button