തിരുവനന്തപുരം മുതല്‍ എറണാകുളം വരെ…ആദ്യഘട്ട വിധിയെഴുത്ത് ആരംഭിച്ചു

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ദിനമായ ഇന്ന് ഏഴ് ജില്ലകളില്‍ വോട്ടെടുപ്പ് ആരംഭിച്ചു.
രാവിലെ കൃത്യം ഏഴ് മണിയോടെ തന്നെ വോട്ടെടുപ്പ് തുടങ്ങി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. പല പോളിംഗ് ബൂത്തുകള്‍ക്ക് മുന്നിലും വളരെ നേരത്തേ തന്നെ ജനങ്ങള്‍ വോട്ടിടാനെത്തി.കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കുടുംബവും രാവിലെ തന്നെ വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിലെത്തിയിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, കൊച്ചി കോർപറേഷനുകള്‍ ഉള്‍പ്പെടെ 595 തദ്ദേശസ്ഥാപനങ്ങളില്‍ 11,168 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 15,432 പോളിംഗ് സ്റ്റേഷനുകളാണ് ഒന്നാംഘട്ടത്തിലുള്ളത്. ആദ്യ ഘട്ടത്തില്‍ ആകെ 480 പ്രശ്നബാധിത ബൂത്തുകളുണ്ട്. ആദ്യം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌ന ബാധിത ബൂത്തുകളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 186 പ്രശ്‌ന ബാധിത ബൂത്തുകളാണ് തിരുവനന്തപുരത്തുള്ളത്.
36,630 സ്ഥാനാർത്ഥികളും 1.32 കോടി വോട്ടർമാരുമാണ് ഒന്നാംഘട്ടത്തിലുണ്ട്. 11ന് തിരഞ്ഞെടുപ്പ് നടക്കുന്ന തൃശൂർ മുതല്‍ കാസർകോഡ് വരെയുള്ള ജില്ലയില്‍ ഇന്ന് പരസ്യപ്രചാരണം അവസാനിക്കും. 13നാണ് എല്ലായിടത്തും വോട്ടെണ്ണല്‍ നടക്കുക.



