കൊച്ചിയില്‍ ഇലക്ഷന് സ്ക്വാഡ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച സംഭവം…കേസെടുത്ത് പൊലീസ്

കൊച്ചി: കൊച്ചി ചെല്ലാനത്ത് ഇലക്ഷന് സ്ക്വാഡ് ഉദ്യോഗസ്ഥരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ഉദ്യോഗസ്ഥര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണമാലി പൊലീസാണ് കേസെടുത്തത്. ഇന്ന് വൈകിട്ട് ചെല്ലാനത്തിന് സമീപം മാലാഖപ്പടിയിലായിരുന്നു സംഭവം നടന്നത്. ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ എത്തിയ ഉദ്യോഗസ്ഥരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സ് ബോര്‍ഡുകളും പോസ്റ്ററുകളും നീക്കം ചെയ്യാന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇലക്ഷന് സ്ക്വാഡ് ഉദ്യോഗസ്ഥര്‍ മാലാഖപ്പടിയില്‍ എത്തിയത്. ഇതേസമയം തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് ഷിയാസിന് സ്വീകരണം നല്കുന്ന പരിപാടിയും സ്ഥലത്ത് നടന്നിരുന്നു. ഉദ്യോഗസ്ഥര്‍ ഫ്ളക്സുകള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തുകയായിരുന്നു.
ഫ്ളക്സുകള്‍ നീക്കം ചെയ്യണമെന്ന് ഉത്തരവുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് എത്തിയതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ അതിന് അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയായിരുന്നു. കൊച്ചി കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരായ ജസ്റ്റിന് ഗൊണ്‍സാല്‍വസ്, രഞ്ജന്‍ കുമാര്‍, സ്നബിന്‍ ടി എസ്, സിജില്‍ ദാസ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പീറ്റര്‍ ഷീന്‍, ജിനു വിന്‍സെന്റ് എന്നിവരുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചതായാണ് ഉദ്യോഗസ്ഥരുടെ പരാതി. ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.



