ഡിസംബ‍ർ 10ന് തെരഞ്ഞെടുപ്പ്… വിജ്ഞാപനം നാളെ…

സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഡിസംബർ 10ന് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാർഡ് ഉൾപ്പെടെ പതിനൊന്ന് ജില്ലകളിലായി നാല് ബ്ലോക്ക്പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.

നവംബർ 15ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിർദേശ പത്രിക നവംബർ 22 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 23ന് വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടത്തും. പത്രിക നവംബർ 25 വരെ പിൻവലിക്കാം. വോട്ടെണ്ണൽ ഡിസംബർ 11ന് രാവിലെ 10 മണിക്ക് നടത്തും. വോട്ടെടുപ്പിനായി 192 പോളിംഗ് ബൂത്തുകൾ സജ്ജമാക്കും.

മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മുനിസിപ്പാലിറ്റികളിൽ അതാത് വാർഡുകളിലും ഗ്രാമപഞ്ചായത്തുകളിൽ മുഴുവൻ പ്രദേശത്തും പെരുമാറ്റചട്ടം ബാധകമാണ്. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ ഉപതെരഞ്ഞെടുപ്പുള്ള വാർഡുകളിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് പെരുമാറ്റ ചട്ടമുള്ളത്.

ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ഒക്ടോബർ 19ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയിൽ ആകെ 1,51,055 വോട്ടർമാരാണുള്ളത് 71,967 പുരുഷന്മാരും 790,87 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറുമുണ്ട്. കമ്മീഷന്റെ www.sec.kerala.gov.in എന്ന വെബ്സൈറ്റിലും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും വോട്ടർപട്ടിക ലഭ്യമാണ്.

Related Articles

Back to top button