നിവേദനവുമായി എത്തിയപ്പോൾ കേന്ദ്രമന്ത്രി സുരേഷ് ഗോപി മടക്കി അയച്ച സംഭവം; അപമാനം നേരിട്ടത് പ്രയാസമുണ്ടാക്കിയെന്ന് വയോധികൻ, പ്രതികരിക്കാതിരുന്നത്…

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനകീയ വിഷയങ്ങളിൽ ഇടപെടാനായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ നടത്തിയ ‘കലുങ്ക് സൗഹാർദ വികസന സംവാദ’ ത്തിനിടെ നിവേദനവുമായെത്തിയ വയോധികനെ പറഞ്ഞയച്ച സംഭവത്തിൽ പ്രതികരണവുമായി വയോധികൻ. അപമാനം നേരിട്ടത് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് തയ്യാട്ട് കൊച്ചു വേലായുധൻ പറഞ്ഞു. താൻ നൽകിയ അപേക്ഷ ഒന്ന് വാങ്ങാൻ പോലും സുരേഷ്‌ഗോപി എം പി തയ്യാറായില്ല. തനിക്ക് മുന്നിൽ ഉണ്ടായിരുന്ന ആളുടെ കൈയ്യിൽ നിന്ന് അദ്ദേഹം അപേക്ഷ വാങ്ങിയിരുന്നു. സഹായം നൽകിയില്ലെങ്കിലും അപേക്ഷയെങ്കിലും വാങ്ങാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒന്നും മിണ്ടാതെ തിരികെ പോന്നത് സദസ്സിൽ വെച്ച് മന്ത്രിയെ അവഹേളിക്കേണ്ട എന്ന് കരുതിട്ടാണെന്നും വയോധികൻ പറയുന്നു.

രണ്ടുവർഷം മുമ്പ് തെങ്ങ് വീണ് തകർന്ന വീടിന്റെ അറ്റകുറ്റപ്പണിക്കുള്ള സഹായം അഭ്യർത്ഥിച്ചാണ് വേലായുധൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ അടുത്ത് അപേക്ഷയുമായെത്തിയത്. കവർ സുരേഷ് ഗോപിക്ക് നീട്ടിയപ്പോൾ, ”ഇതൊന്നും എം.പിക്കല്ല, പോയി പഞ്ചായത്തിൽ പറയൂ- എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ബിജെപി ഭരിക്കുന്ന പഞ്ചായത്തിൽ മാത്രമാണോ എംപി ഫണ്ട് എന്ന് ചോദിക്കുമ്പോൾ അതെ പറ്റുന്നുള്ളു ചേട്ടാ എന്ന് എംപി പറയുന്നതും കേൾക്കാം.

മന്ത്രിയുടെ ഈ പെരുമാറ്റത്തിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് മറ്റ് മുന്നണി നേതാക്കൾ രംഗത്തെത്തിയിരുന്നു. എന്നാൽ വിഷയത്തിൽ പ്രതികരണം നടത്താൻ സുരേഷ് ഗോപി ഇതുവരെ തയ്യാറായിട്ടില്ല. പുള്ളിലും ചെമ്മാപ്പിള്ളിയിൽ നടന്ന സൗഹൃദ സംവാദ സദസിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പം നടൻ ദേവൻ, സംവിധായകൻ സത്യൻ അന്തിക്കാട് എന്നിവർ പങ്കെടുത്തിരുന്നു.

Related Articles

Back to top button