കട്ടിലിൽനിന്ന് ഇറങ്ങവെ തെന്നിവീണു.. ആലപ്പുഴയിൽ വയോധികന് ദാരുണാന്ത്യം…
കട്ടിലിൽനിന്ന് ഇറങ്ങവെ മുറിയിലെ വെള്ളക്കെട്ടിൽ തെന്നിവീണ് രോഗിയായ വയോധികന് ദാരുണാന്ത്യം. ആലപ്പുഴ എസ്.ഡി കോളജിന് സമീപം കളർകോട് സനാതനപുരം പുത്തൻപുരയ്ക്കൽ കെ. സുധാകരൻ (73) ആണ് മരിച്ചത്.
ഉറക്കമുണർന്ന് എഴുന്നേറ്റ് നടക്കവെ കാൽ വഴുതി ഹാളിലെ വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. ഭാര്യ ഓമനയുടെ നിലവിളി കേട്ട് വീടിനോട് ചേർന്ന് താമസിക്കുന്ന സഹോദരനും മകനും ചേർന്ന് വെള്ളത്തിൽനിന്ന് എടുത്ത് കട്ടിലിൽ കിടത്തിയെങ്കിലും അനക്കമുണ്ടായില്ല. ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
കാലവർഷം തുടങ്ങിയത് മുതൽ ഈ വീട്ടിലെ എല്ലാ മുറികളിലും പരിസരത്തെ പറമ്പുകളിലും വെള്ളക്കെട്ടാണ്. കാനകൾ അടഞ്ഞ് ഒഴുക്ക് നിലച്ചതാണ് കാരണം. ഇത് ഒഴിവാക്കാൻ ആലപ്പുഴ നഗരസഭക്ക് പരാതി നൽകിയിട്ടും നടപടിയെടുത്തിരുന്നില്ല. നഗരസഭ അധികൃതരാണ് മരണത്തിന് ഉത്തരവാദിയെന്ന് ബന്ധുക്കൾ ആരോപിച്ചു. മരണത്തിന് പിന്നാലെയും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്ന് ആക്ഷേപമുണ്ട്.