ഓൺലൈൻ തട്ടിപ്പ്.. ഡിജിറ്റല്‍ അറസ്റ്റ് ഭയന്ന് വയോധിക ദമ്പതികള്‍ ജീവനൊടുക്കി…
സൈബര്‍ തട്ടിപ്പുകാരുടെ ഡിജിറ്റല്‍ അറസ്റ്റ് ഭയന്ന് വയോധിക ദമ്പതിമാര്‍ ജീവനൊടുക്കി.ബെംഗളൂരുവിലെ ബെലഗാവിയിലെ ഖാനാപൂര്‍ താലൂക്കിലുള്ള ബീഡി ഗ്രാമത്തിലാണ് സംഭവം. ഡീഗോ സന്താന്‍ നസ്രേത്ത്(82), ഭാര്യ ഫ്‌ളാവിയ(79) എന്നിവരാണ് ജീവനൊടുക്കിയത്.ഫ്‌ളാവിയ വീട്ടിനുള്ളില്‍ മരിച്ചുകിടക്കുന്ന നിലയിലായിരുന്നു. ഡീഗോയുടെ മൃതദേഹം വീടിനുപുറത്തുള്ള ജലസംഭരണിക്കകത്ത് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു.
ആത്മഹത്യാ കുറിപ്പിലാണ് ഡിജിറ്റല്‍ അറസ്റ്റ് ഭയന്നാണ് ജീവനൊടുക്കുന്നതെന്ന് വ്യക്തമാക്കിയിരിക്കുന്നത്.ഡല്‍ഹിയിലെ ടെലികോം വകുപ്പിന്റെ പേരിലാണ് ഇരുവരേയും തേടി ഡിജിറ്റര്‍ അറസ്റ്റ് ഭീഷണി എത്തിയത്.തന്റെ സിംകാര്‍ഡ് നിയമവിരുദ്ധമായ ചില പരസ്യങ്ങള്‍ക്ക് പണം അയക്കുന്നതിനും മോശം സന്ദേശങ്ങള്‍ അയക്കുന്നതിനും ഉപയോഗിച്ചെന്ന് പറഞ്ഞായിരുന്നു ഭീഷണി. ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങളും ഇവര്‍ ശേഖരിച്ചു. 50 ലക്ഷത്തില്‍ അധികം രൂപ കൈമാറിയിട്ടും തട്ടിപ്പുകാര്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടു.ഇതോടെയാണ് ഇരുവരും മരിക്കാൻ തീരുമാനിച്ചത്.മഹാരാഷ്ട്ര സെക്രട്ടേറിയറ്റില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് ഡീഗോ. മക്കളില്ലാത്ത ദമ്പതിമാര്‍ ഒറ്റയ്ക്കായിരുന്നു താമസം.