ആറുവര്‍ഷം മുന്‍പ് യുവാവിനെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്.. ‘വിജിലിനെ കുഴിച്ചുമൂടി’.. അറസ്റ്റിലായത്…

എലത്തൂര്‍ സ്വദേശിയായ യുവാവിനെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. കാണാതായ എലത്തൂര്‍ സ്വദേശി വിജില്‍ മരിച്ചതായി സുഹൃത്തുക്കള്‍ മൊഴി നല്‍കി. യുവാവ് ലഹരി ഉപയോഗിക്കുന്നതിനിടെ മരിച്ചതായും മൃതദേഹം സരോവരം ഭാഗത്തു കുഴിച്ചു മൂടിയെന്നുമാണ് സുഹൃത്തുക്കളുടെ മൊഴിയില്‍ പറയുന്നത്. കേസുമായി ബന്ധപ്പെട്ട് വിജിലിന്റെ സുഹൃത്തുക്കളായ രണ്ടു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നതായും ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്നും പൊലീസ് പറഞ്ഞു.

സുഹൃത്തുക്കളായ നിഖില്‍, ദീപേഷ് എന്നിവരെയാണ് എലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. മനഃപൂര്‍വ്വമല്ലാത്ത നരഹത്യയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് തിരോധനാക്കേസിന്റെ ചുരുളഴിച്ചതെന്നും എലത്തൂര്‍ പൊലീസ് പറഞ്ഞു.

2019ലാണ് കേസിനാസ്പദമായ സംഭവം. സരോവരം ഭാഗത്തുള്ള നിഖിലിന്റെ വീട്ടിലേക്ക് പോയ വിജിലിനെ പിന്നെ കാണാതാവുകയായിരുന്നു. നിഖിലിന്റെ വീട്ടില്‍ വച്ച് വിജില്‍ ഉള്‍പ്പെടെ നാലു സുഹൃത്തുക്കളും ചേര്‍ന്ന് മയക്കുമരുന്ന് ഉപയോഗിച്ചു. ബ്രൗണ്‍ ഷുഗര്‍ ഉപയോഗിക്കുന്നതിനിടെ വിജില്‍ അബോധാവസ്ഥയിലായി. ഉടന്‍ തന്നെ അവിടെ നിന്ന് പോയ മറ്റു സുഹൃത്തുക്കള്‍ പിന്നീട് വീട്ടില്‍ മടങ്ങിയെത്തുമ്പോള്‍ വിജില്‍ മരിച്ചുകിടക്കുന്നതാണ് കണ്ടതെന്ന് മൊഴിയില്‍ പറയുന്നു. തുടര്‍ന്ന് സരോവരം ഭാഗത്ത് മൃതദേഹം കുഴിച്ചുമൂടുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

Related Articles

Back to top button