ജോലി സമയം കഴിഞ്ഞു വിമാനം പറത്താൻ വിസമ്മതിച്ച് പൈലറ്റ്; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുടെ യാത്ര വൈകി…

ജോലി സമയം കഴിഞ്ഞതിനാൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയെ വഹിച്ചുള്ള സ്വകാര്യ വിമാനം പറത്താൻ വിസമ്മതിച്ച് പൈലറ്റ്. അതേ തുടർന്ന് ജൽ​ഗാവിൽ നിന്നും മുംബൈയിലേയ്ക്കുള്ള ഏക്നാഥ് ഷിൻഡെയുടെ യാത്ര വെള്ളിയാഴ്ച ഒരു മണിക്കൂറോളം വൈകി. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ജൽഗാവിൽ നിന്ന് പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു സംഭവം

ഉപമുഖ്യമന്ത്രി ഉച്ചകഴിഞ്ഞ് 3.45 ന് ജൽഗാവിൽ എത്തിച്ചേരുമെന്നാണ് മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരുന്നത്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ ഏകദേശം രണ്ടര മണിക്കൂർ വൈകിയാണ് ഏക്നാഥ് ഷിൻ‍ഡെ ഇവിടെ എത്തിച്ചേർന്നത്. മന്ത്രിമാരായ ഗിരീഷ് മഹാജൻ, ഗുലാബ്രാവു പാട്ടീൽ, മറ്റ് ഉദ്യോ​ഗസ്ഥർ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പാൽഖി യാത്രയിൽ പങ്കെടുത്ത് സന്ത് മുക്തായ് ക്ഷേത്രം സന്ദർശിച്ച ശേഷമാണ്, ഷിൻഡെയും സംഘവും രാത്രി 9.15 ന് ജൽഗാവ് വിമാനത്താവളത്തിൽ തിരിച്ചെത്തിയത്. എന്നാൽ ജോലി സമയം അവസാനിച്ചതിനാൽ വിമാനം പറത്താൻ പൈലറ്റ് വിസമ്മതിക്കുകയായിരുന്നു. ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ പുതിയ അനുമതി തേടാൻ കുറച്ച് സമയമെടുക്കുമെന്നും പൈലറ്റ് വ്യക്തമാക്കി.

അനാരോഗ്യം മൂലമാണ് പൈലറ്റ് പറന്നുയരാൻ വിസമ്മതിച്ചതെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന വിശദീകരണം. ഏക്നാഥ് ഷിൻഡെയ്ക്ക് ഒപ്പമുണ്ടായിരുന്ന മന്ത്രിമാരായ മഹാജനും പാട്ടീലും മറ്റ് ഉദ്യോഗസ്ഥരും പൈലറ്റിനെ അനുനയിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് റിപ്പോ‍ർട്ട്. 45 മിനിറ്റ് നീണ്ട ചർച്ചയ്ക്ക് ശേഷമാണ് വിമാനം പറത്താൻ പൈലറ്റ് തയ്യാറായത്. പുറപ്പെടാനുള്ള അനുമതി സംബന്ധിച്ച് മഹാജൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിച്ച് വ്യക്തത വരുത്തിയതിനെ തുടർന്ന് വിമാനം മുംബൈയിലേക്ക് പറന്നുയരുകയായിരുന്നു. ‘പൈലറ്റിന് ആരോഗ്യ സംബന്ധമായ ആശങ്കയും സമയക്രമത്തിലെ പ്രശ്നവും ഉണ്ടായിരുന്നു. ചില സാങ്കേതിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. ഞങ്ങൾ എയർലൈൻ കമ്പനിയുമായി സംസാരിച്ചു, അവർ പൈലറ്റിന് അവരുടേതായ രീതിയിൽ സാഹചര്യം വിശദീകരിച്ചു. അതൊരു ചെറിയ പ്രശ്നമായിരുന്നു’ എന്നായിരുന്നു വിഷയത്തിൽ മന്ത്രി ഗിരീഷ് മഹാജൻ്റെ പ്രതികരണം.

Related Articles

Back to top button