സംസ്ഥാനത്തെ അമ്മത്തൊട്ടിലിൽ ഏഴ് ദിവസത്തിനിടെ എത്തിയത് എട്ട് കുരുന്നുകൾ; രണ്ടാമത്തെ അതിഥിയെത്തി!
കോഴിക്കോട് ബീച്ച് ആശുപത്രിയിൽ സ്ഥാപിച്ച അമ്മത്തൊട്ടിലിൽ രണ്ടാമത്തെ കുഞ്ഞും എത്തി. ഏകദേശം 20 ദിവസത്തോളം പ്രായമുള്ള ആൺകുഞ്ഞിനെയാണ് ഇന്നലെ വൈകീട്ട് ലഭിച്ചതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി അറിയിച്ചു. ഹോർത്തൂസ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ആദ്യത്തെയും സംസ്ഥാനത്തെ ഏഴാമത്തെയും അമ്മത്തൊട്ടിലാണ് ബീച്ച് ആശുപത്രിയിലേത്. കഴിഞ്ഞ ദിവസം ഇവിടെ ഒരു ആൺകുഞ്ഞിനെ ലഭിച്ചിരുന്നു.
അതേസമയം, സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലുകളിൽ കഴിഞ്ഞ ഏഴ് ദിവസത്തിനിടെ മാത്രം എട്ട് കുരുന്നുകളാണ് എത്തിയത്. ഒക്ടോബർ 2ന് തിരുവനന്തപുരത്തും ആലപ്പുഴയിലും അമ്മത്തൊട്ടിലിൽ ഒരേ ദിവസം മൂന്ന് പെൺകുഞ്ഞുങ്ങളെത്തിയിരുന്നു. ഈ വർഷം ആകെ 23 കുട്ടികളെയാണ് അമ്മത്തൊട്ടിലുകളിൽ ലഭിച്ചത്. പല കാരണങ്ങൾകൊണ്ട് കുട്ടികളെ ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്ന രക്ഷിതാക്കൾക്ക്, കുഞ്ഞുങ്ങളുടെ സംരക്ഷണവും പരിചരണവും ശിശുക്ഷേമ സമിതി പൂർണ്ണമായും ഏറ്റെടുക്കുമെന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് അമ്മത്തൊട്ടിലുകളിൽ കുരുന്നുകളുടെ വരവ് വർദ്ധിക്കുന്നതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.