ക്ഷേത്രങ്ങളിലെ ആന ആചാരങ്ങൾ ഇല്ലാതാക്കാൻ… കേരളത്തിൽ ഉദ്യോഗസ്ഥ ലോബി… 140 ന്യൂസ് സ്പെഷ്യൽ…
അടുത്ത 10 വർഷത്തിനുള്ളിൽ ക്ഷേത്രങ്ങളിലെ ആന ആചാരങ്ങൾ ഇല്ലാതാക്കാൻ ശ്രമം നടത്തുന്നതായി വിവരം ലഭിച്ചു. കേരളത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥ ലോബിയാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ആനകളുടെ വരവ് കുറക്കാനും നാട്ടിലുള്ള ആനകളെ ഉത്സവങ്ങളിൽ നിന്ന് പരമാവധി അകറ്റി നിർത്തുവാനുമാണ് ശ്രമം നടക്കുന്നത്.
രണ്ട് രീതിയിലുള്ള നീക്കങ്ങളാണ് ആസ്ഥാനം കേന്ദ്രികരിച്ചു നടക്കുന്നത്. ഇപ്പോൾ നടക്കുന്ന ഉത്സവങ്ങളിൽ നിന്ന് ആനകളെ പരമാവധി മാറ്റി നിർത്തുകയാണ് ആദ്യമായി ചെയ്യുന്നത്. നിബന്ധനകൾ കടുപ്പിച്ചു ക്ഷേത്ര ഭരണസമിതികൾക്ക് ഉത്സവങ്ങളിൽ ആനകളെ എത്തിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാക്കുന്നതാണ് ഈ നീക്കം. ആനകൾ ഇല്ലാതെ ഉത്സവങ്ങൾ ഭംഗിയായി നടക്കുമെന്ന് വരുത്തുകയും ആചാര, അനുഷ്ടങ്ങൾക്ക് ഇത് കൊട്ടം വരുത്തുന്നില്ല എന്ന് ഭക്തരിൽ തന്നെ സംസാരം ഉണ്ടാക്കി എടുക്കുവാനുമാണ് നീക്കം നടക്കുന്നത്. ഇതോടെ, അടുത്ത ഏതാനും വർഷങ്ങൾക്കൊണ്ട് ഉത്സവങ്ങളിൽ നിന്ന് ആനയെ പരമാവധി ഒഴിവാക്കാൻ കഴിയുമെന്നാണ് ഇവർ കരുതുന്നത്. ഭക്തരുടെ സമ്മർദം കുറഞ്ഞാൽ ചിലവേറിയ ആന ആചാരങ്ങൾ ഒഴിവാക്കാൻ ക്ഷേത്ര ഭരണസമിതികളും തയ്യാറായെക്കുമെന്നും ഇവർ വിലയിരുത്തുന്നു.
രണ്ടാമത്തെ നീക്കമാണ് കൂടുതൽ അപകടകരം. തലമുറകൾക്ക് പോലും ക്ഷേത്രചാരങ്ങൾ അന്യം നിന്ന് പോകുന്ന ചെയ്ത്താണ് ഇത്. പുറത്തുനിന്ന് ആനകളെ കേരളത്തിലേക്ക് എത്തിക്കാൻ അനുവദിക്കാതിരിക്കുന്നതാണ് ഈ തന്ത്രം. അന്യസംസ്ഥാനങ്ങളിൽ നിന്ന് ആനകളെ കൊണ്ടുവരാൻ വിവിധ ക്ഷേത്രകമ്മറ്റികൾ നേടിയിട്ടുള്ള കോടതി വിധികളെ പോലും കാറ്റിൽ പറത്തിയാണ് ഉദ്യോഗസ്ഥ ലോബി പ്രവർത്തിക്കുന്നത്. നിരവധി ക്ഷേത്രങ്ങളുടെ അപേക്ഷകൾ ഇത്തരത്തിൽ നടപടി ആകാതെ കിടക്കുകയാണ്. വകുപ്പ് മന്ത്രി അടക്കം ഇടപെട്ടിട്ടും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് സമീപനത്തിൽ മാറ്റമില്ലാത്ത സ്ഥിതിയാണ്. മന്ത്രി ശശീന്ദ്രനെ പോലും വകവെക്കാത്ത പോക്കാണ് ഈ ലോബിയുടേത്. അതുകൊണ്ടുതന്നെ ഇതിന് പിന്നിൽ വലിയ സംഘടിത ഗൂഢാലോചന ഉണ്ടെന്ന് വ്യക്തം. ക്ഷേത്രാചാരങ്ങളിൽ കോട്ടം വരുത്തുവാൻ മറ്റ് സംഘടനകളുടെ ഫണ്ടിംഗ് അടക്കം ഉണ്ടായിട്ടുണ്ടോ എന്ന അന്വേഷണം നടത്തേണ്ടിയിരിക്കുന്നു.
കേരളത്തിലെ 25000ത്തോളം വരുന്ന ക്ഷേത്രങ്ങളിൽ 7500 ക്ഷേത്രങ്ങളിലാണ് ആന ആചാരങ്ങൾ ഉള്ളത്. കേരളത്തിൽ നിലവിൽ ഉള്ളത് 329 നാട്ടാനകൾ മാത്രമാണ്. ഇതിൽ 40 ഓളം കുട്ടിയാനകളാണ്. ഗുരുവായൂർ ദേവസ്വം വക നാൽപതോളം ആനകൾ വരും. ദേവസ്വം വക ക്ഷേത്രങ്ങളിൽ ഉള്ളത് 30ഓളം ആനകളാണ്. മദപ്പാടും പ്രായധിക്യവും കാരണം മാറ്റി നിർത്തുന്നതും പിടിയാനയും മോഴയാനയയുമായി നൂറോളം ആനകൾ വരും. ശേഷിക്കുന്ന 60 ഓളം ആനകളെ മാത്രമാണ് എഴുന്നള്ളത്തിനായി ലഭിക്കാറുള്ളത്. ഈ സാഹചര്യത്തിൽ കേരളത്തിലേക്ക് കൂടുതൽ ആനകൾ എത്തണമെന്നാണ് മന്ത്രിയുടെ അടക്കം അഭിപ്രായം. എന്നിട്ടും ആനകളെ എത്തിക്കുന്നതിന് ഉദ്യോഗസ്ഥർ തടസം നിൽക്കുകയാണ്. ഉദ്യോഗസ്ഥരുടെ ജോലി ഭാരം കുറക്കാനാണ് ഇത്തരത്തിൽ നീക്കം നടത്തുന്നതെന്നാണ് താഴേത്തട്ടിലുള്ളവരോട്, ഈ നീക്കത്തിന് പിന്നിലുള്ളവർ അറിയിക്കുന്നതെങ്കിലും അതിനപ്പുറം വലിയ ഗൂഡാലോചനയാണ് നടന്നിട്ടുള്ളത്.