വിജിലൻസിൻ്റെ കൈക്കൂലി കേസ്.. പ്രതിയായ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി ഇഡി..കേരളത്തിൽ നിന്ന് തട്ടിയത്..

വിജിലൻസ് രജിസ്റ്റർ ചെയ്ത കൈക്കൂലി കേസിൽ പ്രതിയായ ഇഡി ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിലെ അസിസ്റ്റൻ്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെയാണ് സ്ഥലംമാറ്റിയത്. കേരളത്തിൽ നിന്ന് വടക്കുകിഴക്കൻ സംസ്ഥാനമായ മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങിലേക്കാണ് മാറ്റിയത്
ഇഡി കേസിൽ പ്രതിയായ കൊല്ലത്തെ വ്യവസായി അനീഷ് ബാബുവിനോട് കേസിൽ നിന്ന് രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം ആവശ്യപ്പെട്ട കേസിലാണ് ശേഖർ കുമാർ യാദവിനെ പ്രതിചേർത്ത് കേരള വിജിലൻസ് കേസെടുത്തത്. തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് 24.73 കോടി രൂപ തട്ടിച്ചെന്ന കേസിലാണ് ഇഡി അനീഷ് ബാബുവിനെതിരെ കേസെടുത്തത്.
ഇഡി അസിസ്റ്റൻഡ് ഡയറക്ടറെ ഒന്നാം പ്രതിയാക്കിയാണ് ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് കേസെടുത്തത്. കേസിൽ ആദ്യം അറസ്റ്റിലായ ഇടനിലക്കാർ രണ്ട് പേർ ജാമ്യത്തിലിറങ്ങിയിരുന്നു. കേസിൽ വിശദമായ അന്വേഷണത്തിന് ശേഷമേ ശേഖർ കുമാർ യാദവിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കൂവെന്ന് ഹൈക്കോടതിയിൽ വിജിലൻസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റം
അതിനിടെ കൈക്കൂലി വാങ്ങിയെന്ന കേസിൽ ഇഡിയും അന്വേഷണം തുടരുന്നുണ്ട്. അനീഷ് ബാബുവിനെതിരായ കേസിൻ്റെ വിവരങ്ങൾ ലഭ്യമാക്കണമെന്ന ആവശ്യത്തോട് ഇഡി ഇതുവരെ പ്രതികരിച്ചിട്ടില്ല. വിജിലൻസ് ഉദ്യോഗസ്ഥർ നേരിട്ട് ഇഡി ഓഫീസിലെത്തി നോട്ടീസ് നൽകിയിരുന്നു. ഇതിനിടെയാണ് ഉദ്യോഗസ്ഥനെ ഇഡി സ്ഥലംമാറ്റിയത്. കേസ് കെട്ടിച്ചമച്ചതാണെന്നും ശേഖർ കുമാർ യാദവിനെതിരെ അനീഷ് ബാബുവിൻ്റെ പക്കൽ തെളിവൊന്നുമില്ലെന്നുമായിരുന്നു, ദില്ലിയിലെ ഓഫീസിൽ അനീഷിനെ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷം ഇഡി അറിയിച്ചത്. തന്നോട് പരാതിയിൽ നിന്ന് പിന്മാറാൻ സമ്മർദ്ദം ചെലുത്തുകയായിരുന്നു ഇഡി ഉദ്യോഗസ്ഥരെന്നാണ് മൊഴി നൽകിയ ശേഷം അനീഷ് ബാബു പ്രതികരിച്ചത്