ക്രിക്കറ്റ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും സ്വത്ത് കണ്ടുകെട്ടും.. നിലപാട് കടുപ്പിച്ച് ഇ ഡി…

ഓണ്‍ലൈന്‍ വാതുവയ്പ്പ്, ഗെയിമിംഗ് പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ട കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമപ്രകാരം ചില കായികതാരങ്ങളുടെയും അഭിനേതാക്കളുടെയും സ്വത്ത് കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടികള്‍ തുടങ്ങി. കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടിയേക്കും. ‘ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പായ വണ്‍എക്സുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സെലിബ്രിറ്റികളില്‍ ചിലര്‍ വന്‍ തോതില്‍ സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം അനുസരിച്ച് അനധികൃത വരുമാനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതാണ് ഈ സ്വത്തുക്കള്‍ എന്നാണ് ഇഡി നിലപാട്.
യുഎഇ പോലുള്ള രാജ്യങ്ങളില്‍ പോലും ഇത്തരം സ്വത്തുക്കള്‍ സമ്പാദിച്ചതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരം സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കും. നിലവില്‍ ആസ്തികള്‍ അളക്കുന്നതിനും വിലയിരുത്തുന്നതുമായ നടപടികള്‍ പുരോഗമിക്കുകയാണ് എന്നും ഇഡി വൃത്തങ്ങള്‍ പറയുന്നു.അന്വേഷണത്തിന്റെ ഭാഗമായി യുവരാജ് സിംഗ്, സുരേഷ് റെയ്ന, റോബിന് ഉത്തപ്പ, ശിഖര്‍ ധവാന് തുടങ്ങിയ ക്രിക്കറ്റ് താരങ്ങളെയും കൂടാതെ അഭിനേതാക്കളായ സോനു സൂദ്, മിമി ചക്രവര്‍ത്തി, അങ്കുഷ് ഹസ്ര, ഉര്‍വശി റൗട്ടേല, വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി എന്നിവര്‍ക്ക് ഇ ഡി നോട്ടീസ് അയച്ചിരുന്നു. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പും വന്‍തോതില്‍ നികുതി വെട്ടിപ്പ് നടത്തിയതായും ആരോപിക്കപ്പെടുന്ന നിയമവിരുദ്ധ വാതുവെപ്പ് ആപ്പുകള്‍ ഉള്‍പ്പെടുന്ന നിരവധി കേസുകളാണ് ഇ ഡി അന്വേഷിക്കുന്നത്
കേസുമായി ബന്ധപ്പെട്ട് വണ്‍എക്സിന്റെ ഇന്ത്യന്‍ അംബാസഡറായിരുന്ന നടി ഉര്‍വശി റൗട്ടേലയെ ഇഡി ചോദ്യംചെയ്യലിന് വിളിപ്പിച്ചിരുന്നു. എന്നാല്‍ നോട്ടീസ് പ്രകാരം ഇവര്‍ ഹാജരായിരുന്നില്ല.കള്ളപ്പണം വെളുപ്പിക്കല്‍ വഴി ലഭിക്കുന്ന തുകയില്‍ നിന്ന് സമ്പാദിച്ച സ്വത്തുക്കള്‍ കുറ്റകൃത്യത്തിന്റെ പരിധിയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കണ്ടുകെട്ടല്‍ ഉത്തരവ് പുറപ്പെടുവിച്ച ശേഷം, അത് പിഎംഎല്‍എയ്ക്ക് കീഴിലുള്ള അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് സ്ഥിരീകരണത്തിനായി അയയ്ക്കുമെന്നും, അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍, ഈ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനായി നിയുക്ത കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും ഇ ഡി വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു. അടുത്തിടെ പുതിയ നിയമനിര്‍മ്മാണത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ റിയല്‍ മണി ഓണ്‍ലൈന്‍ ഗെയിമിംഗ് നിരോധിച്ചിരുന്നു. മാര്‍ക്കറ്റ് വിശകലന സ്ഥാപനങ്ങളുടെയും അന്വേഷണ ഏജന്‍സികളുടെയും കണക്കുകള്‍ പ്രകാരം, ഇത്തരം വിവിധ ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പുകളിലായി ഏകദേശം 22 കോടി ഇന്ത്യന്‍ ഉപയോക്താക്കളുണ്ട്. അതില്‍ പകുതിയും (ഏകദേശം 11 കോടി) സ്ഥിരം ഉപയോക്താക്കളാണ്.



