രാവിലെ തുടങ്ങിയ പരിശോധന അവസാനിച്ചത് രാത്രി.. പിവി അൻവറിന്‍റെ വീട്ടിലെ ഇഡി പരിശോധന പൂർത്തിയായി…
മുൻ എംഎൽഎ പിവി അൻവറിന്‍റെ വീട്ടിലെ എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്പൂർത്തിയായി. രാവിലെ ആറു മണിയോടെ തുടങ്ങിയ പരിശോധന രാത്രി ഒമ്പതരയോടെയാണ് ഇഡി അവസാനിപ്പിച്ചത്. കേരള ഫൈനാൻസ് കോർപ്പറേഷന്‍റെ മലപ്പുറത്തെ ബ്രാഞ്ചിൽ നിന്ന് ഒരേ ഈട് വച്ച് രണ്ട് വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ കേസിലാണ് ഇഡി റെയ്ഡ്. ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി 12 കോടിയോളം കടമെടുത്ത്, നഷ്ടം വരുത്തി എന്ന വിജിലൻസ് കേസിൽ അൻവർ നാലാം പ്രതിയാണ്.
ഇതേ കേസിലാണ് ഇഡി നടപടിയും. അൻവറിന്‍റെ സഹായി സിയാദിന്‍റെ വീട്ടിലും പിവി അൻവറിന്‍റെ വിവിധ സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി. അൻവറിൽ നിന്ന് വിശദ വിവരങ്ങൾ തേടിയ ഇഡി ചില രേഖകളും പകർപ്പുകളും കൊണ്ടുപോയി എന്നാണ് പ്രാഥമിക വിവരം.


