142 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു… നാഷണൽ ഹെറാൾഡ് കേസിൽ സോണിയക്കും രാഹുലിനുമെതിരെ ഇഡി…
നാഷണൽ ഹെറാൾഡ് കേസിൽ 142 കോടി രൂപയുടെ കള്ളപ്പണം സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വെളുപ്പിച്ചതിൽ തെളിവുകളുണ്ടെന്ന് ഇഡി. നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി റൗസ് അവന്യൂ കോടതിയിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു ഇഡിയുടെ പരാമർശം.
നാഷണൽ ഹെറാൾഡ് വിഷയത്തിൽ കേസ് പരിഗണിക്കണോ വേണ്ടയോ എന്നതിനെക്കുറിച്ചുള്ള പ്രാഥമിക വാദങ്ങൾക്കിടെയാണ് സ്പെഷ്യൽ ജഡ്ജി വിശാൽ ഗോഗ്നെയ്ക്ക് മുമ്പാകെ ഇഡി ഈ വാദം ഉന്നയിച്ചത്.
ഇഡി സമർപ്പിച്ച കുറ്റപത്രം പരിഗണിക്കുമ്പോഴാണ് ഏജൻസിക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ(എഎസ്ജി) എസ് വി രാജു കോൺഗ്രസ് നേതാക്കൾ 142 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയത്. പട്ടികയിൽ ഉൾപ്പെടുത്തിയ കുറ്റകൃത്യത്തിൽനിന്ന് നേടിയ സ്വത്തുക്കൾ മാത്രമല്ല, ഈ വരുമാനവുമായി ബന്ധമുള്ള മറ്റു കുറ്റകൃത്യങ്ങളിൽനിന്ന് ലഭിച്ച പണവും ഇതിൽ ഉൾപ്പെടുമെന്ന് എഎസ്ജി പറഞ്ഞു.