രാജ്യവ്യാപക വോട്ടര്‍ പട്ടികാ പരിഷ്‌കരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; നിര്‍ണായക യോഗം ബുധനാഴ്ച

ബിഹാര്‍ മാതൃകയില്‍ രാജ്യവ്യാപകമായി വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കാന്‍ സാധ്യതകൾ തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇക്കാര്യത്തില്‍ നിര്‍ണായ തീരുമാനം ഈ ആഴ്ച തന്നെ ഉണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് കമ്മീഷണന്‍ സെപ്തംബര്‍ 10 ന് ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ വിഷയം ചര്‍ച്ചയാകും. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുക്കും.

വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണവുമായി ബന്ധപ്പെട്ട് തയ്യാറെടുപ്പുകള്‍, ഭരണപരമായ സാഹചര്യങ്ങള്‍, ഡോക്യുമെന്റേഷന്‍ നടപടി ക്രമങ്ങള്‍ എന്നിവ യോഗം വിലയിരുത്തുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാനത്തെ നിലവിലുള്ള വോട്ടര്‍മാരുടെ എണ്ണം, അവസാനമായി നടത്തിയ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലെ ഡാറ്റയും സമയക്രമവും, വോട്ടര്‍ പട്ടികയുടെ ഡിജിറ്റലൈസേഷന്റെ പുരോഗതി, ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ (ബിഎല്‍ഒ) ലഭ്യതയും പരിശീലനവും, പോളിങ് സ്റ്റേഷനുകളുടെ നിലവിലെ ഘടനയും പരിഷ്‌കരണ പദ്ധതി തുടങ്ങിയ വിവരങ്ങള്‍ യോഗം പരിശോധിക്കും. ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാനും സിഇഒ മാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ രാജ്യ വ്യാപകമായി ഒരേസമയം എസ്ഐആര്‍ നടത്തണോ എന്നതുള്‍പ്പെടെ യോഗം പരിഗണിക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി (സിഇസി) ഗ്യാനേഷ് കുമാര്‍ ചുമതലയേറ്റതിനുശേഷം സംസ്ഥാനതല തിരഞ്ഞെടുപ്പ് അധികാരികളുമായി നടത്തുന്ന മൂന്നാമത്തെ യോഗമാണ് പത്താം തിയ്യതി നിശ്ചയിച്ചിരിക്കുന്നത്.

Related Articles

Back to top button