ഹൈ സ്പീഡ് റെയിൽ പദ്ധതിക്കായി പൊന്നാനിയിൽ ഓഫീസ് തുറന്ന് ഇ ശ്രീധരൻ

കേരളത്തിൽ അതിവേഗ റെയിൽപാത തുടങ്ങുന്നതുമായി ബന്ധപ്പെട്ട് മെട്രോമാൻ ഇ ശ്രീധരൻ ഓഫീസ് തുറന്നു. പൊന്നാന്നിയിലാണ് ശ്രീധരൻ സ്വന്തം നിലയ്ക്ക് ഓഫീസ് തുറന്നത്. ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. അതിവേഗ റെയിൽപാതയ്ക്കായി ഡിപിആർ തയ്യാറാക്കി മുന്നോട്ടു പോകുമെന്ന് അവകാശപ്പെട്ടാണ് ശ്രീധരൻ ഓഫീസ് തുറന്നിട്ടുള്ളത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഡിപിആർ തയ്യാറാക്കാൻ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ശ്രീധരൻ പറയുന്നത്.
ഇന്നുമുതൽ ഓഫീസ് ജോലി ആരംഭിക്കുകയാണെന്ന് ഉദ്ഘാടനശേഷം ഇ ശ്രീധരൻ പറഞ്ഞു. നാട്ടുകാർക്ക് ക്ലേശകരമായ ഒന്നും ചെയ്യരുതെന്നാണ് തന്റെ നിലപാട്. ഡിപിആർ ആദ്യമായിട്ട് തയ്യാറാക്കുന്ന ആളല്ല താൻ. ഏറ്റവും ക്ലേശകരമായ കൊങ്കൺ റെയിൽവേയുടെ ഡിപിആർ ഉണ്ടാക്കിയ ആളാണ്. ഫീൽഡ് വർക്ക് മഴ വരുന്ന ജൂൺ ഒന്നിന് മുമ്പ് തീർക്കണമെന്നാണ് ആഗ്രഹിക്കുന്നത്.

