ഡിസി ബുക്‌സ് മര്യാദ പാലിച്ചില്ല, പിന്നില്‍ ആസൂത്രിത നീക്കമെന്ന് ഇ.പി…
ആത്മകഥാ രചന വിവാദത്തില്‍ പ്രസാധകര്‍ പാലിക്കണ്ട മര്യാദ ഡിസി ബുക്‌സ് പാലിച്ചില്ലെന്ന് സിപിഎം നേതാവ് ഇ പി ജയരാജന്‍. പ്രസാധന കരാര്‍ ആര്‍ക്കും നല്‍കിയിരുന്നില്ല. എഴുതിക്കൊണ്ടിരിക്കെ ഡിസി പ്രസാധനം പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ദിനത്തില്‍ വന്ന വിവാദങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിത നീക്കമെന്നും ഇ പി ജയരാജന്‍ ആരോപിച്ചു. പാര്‍ട്ടിക്കുള്ളിലും പുറത്തും തന്നെ ആക്രമിക്കുകയാണ് ലക്ഷ്യം. തനിക്ക് നേരെയുള്ള ആക്രമണം പാര്‍ട്ടിയെ ലക്ഷ്യം വച്ചെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
വ്യക്തമായ സൂചന കിട്ടിയാല്‍ ഗൂഢാലോചനയ്ക്ക് പിന്നില്‍ ആരെന്ന് പുറത്തു പറയാം എന്നും അദ്ദേഹം പറഞ്ഞു.ജാവഡേത്കറുമായി ബന്ധപ്പെട്ട വാര്‍ത്ത വന്നതും ഇത്തരത്തിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിക്കെതിരായ ഫലമുണ്ടാക്കി, അതുവഴി എന്നെ പാര്‍ട്ടിക്കകത്തും പുറത്തും പൊതു സമൂഹത്തിലും ആക്രമിക്കുക എന്നത് ആസൂത്രതമായ പദ്ധതിയാണ് അന്ന് നടപ്പാക്കിയത്. അതിന്റെ ആവര്‍ത്തനമാണ് ഇപ്പോഴുണ്ടായത് എന്നും അദ്ദേഹം വ്യക്തമാക്കി.