ഇ- നിയമസഭ അഴിമതി ആരോപണം; 2 വർഷമായി യോഗം ചേർന്നിട്ടില്ല, സ്പീക്കർക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്
നിയമസഭാ നടപടിക്രമങ്ങള്‍ കടലാസ് രഹിതമാക്കുന്ന ഇ- നിയമസഭ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പദ്ധതി പ്രവര്‍ത്തനങ്ങളും ചെലവഴിച്ച തുകയും സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പദ്ധതിയുടെ നിര്‍വഹണവുമായി ബന്ധപ്പെട്ട നിയമസഭ ഉന്നതതല സമിതി യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.
പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ടു സാമാജികര്‍ ഉള്‍പ്പെടുന്ന ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ടെങ്കിലും യഥാസമയം യോഗങ്ങള്‍ ചേര്‍ന്ന് വസ്തുതകള്‍ ബോധ്യപ്പെടുത്താന്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. 21.6.2023 ന് ശേഷം നാളിതുവരെ ഉന്നതതല സമിതി യോഗം ചേര്‍ന്നിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി യോഗം വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സമിതി അംഗങ്ങളായ യുഡിഎഫ് എംഎല്‍എമാര്‍ 12.06.25 നു സ്പീക്കര്‍ക്ക് കത്ത് നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.