പാലക്കാട് റോഡ് ഉദ്ഘാടനത്തിനെത്തി.. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്ഐ, ബിജെപി പ്രതിഷേധം… രാഹുലിനെ ചുമലിലേറ്റി ലീഗ്, കോൺഗ്രസ് പ്രവർത്തകർ..

പാലക്കാട്ടെ പിരായിരിയിൽ റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തടഞ്ഞ് ഡിവൈഎഫ്ഐ പ്രതിഷേധം. ഉദ്ഘാടനത്തിനായി വരുന്നതിനിടെ രാഹുൽ മാങ്കൂട്ടത്തിലിൻറെ കാർ ഡിവൈഎഫ്ഐ പ്രവർത്തകർ തടയുകയായിരുന്നു. പ്രവർത്തകർ കാറിന് മുന്നിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്. ബിജെപി പ്രവർത്തകരും പ്രതിഷേധവുമായി എത്തി. വിവാദങ്ങൾക്കുശേഷം പാലക്കാട്ടെ പൊതുപരിപാടികളിൽ ഇതുവരെ രഹസ്യമായി പങ്കെടുത്തുകൊണ്ടിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് ആദ്യമായാണ് ഉദ്ഘാടനം അറിയിച്ചുകൊണ്ടുള്ള പരിപാടിയിൽ പങ്കെടുക്കാനിരുന്നത്. ഇതിനിടെയാണ് പ്രതിഷേധവുമായി ഡിവൈഎഫ്ഐ എത്തിയത്. എംഎൽഎ ഫണ്ട് ഉപയോഗിച്ചാണ് പിരായിരിയിൽ റോഡ് നവീകരിച്ചത്.

എംഎൽഎക്കെതിരെ ഗോ ബാക്ക് വിളികളുമായാണ് പ്രവർത്തകരുടെ പ്രതിഷേധം. അതേസമയം, ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ രാഹുലിന് പിന്തുണയുമായി കോൺഗ്രസ്, ലീഗ് പ്രവർത്തകരും സ്ഥലത്തെത്തി. പ്രതിഷേധം വകവെക്കാതെ രാഹുലിനെ കാറിൽ നിന്നിറക്കി എടുത്തുയർത്തി മുദ്രാവാക്യം വിളിച്ചാണ് ഡിവൈഎഫ്ഐയെ കോൺഗ്രസ് പ്രവർത്തകർ വെല്ലുവിളിച്ചത്. രാഹുലിനെ എടുത്തുയർത്തിയാണ് റോഡ് ഉദ്ഘാടന വേദിയിലേക്ക് കോൺഗ്രസ് പ്രവർത്തകർ കൊണ്ടുപോയത്. തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ നാട മുറിച്ച് റോഡ് ഉദ്ഘാടനം ചെയ്തു. നാട മുറിച്ചശേഷം രാഹുലിനെ എടുത്തുയർത്തിയാണ് പ്രവർത്തകർ പൊതുപരിപാടി നടക്കുന്ന വേദിയിലേക്ക് കൊണ്ടുപോയത്.

എംഎൽഎയ്ക്ക് ആശംസ അറിയിച്ച് പിരായിരി ആറാം വാർഡ് മുസ്ലീം ലീഗ് കമ്മിറ്റിയാണ് ഫ്ലക്സ് സ്ഥാപിച്ചത്. ഇതുവരെ പാലക്കാട്ടെ രാഹുലിൻറെ പൊതുപരിപാടികൾ ആരെയും അറിയിക്കാതെയും ഫ്ലക്സ് ബോർഡ് സ്ഥാപിക്കാതെയുമാണ് നടത്തിയിരുന്നതെങ്കിൽ റോഡ് ഉദ്ഘാടനം എല്ലാവരെയും അറിയിച്ചുകൊണ്ടാണ് നടത്തുന്നത്. വിവാദങ്ങളുണ്ടായി ഒന്നര മാസത്തിനുശേഷമാണ് രാഹുലിൻറെ പേരിൽ ഇത്തരത്തിലൊരു ഫ്ലക്സ് മണ്ഡലത്തിൽ സ്ഥാപിക്കുന്നത്. പരിപാടിയിൽ പ്രതിഷേധവുമായി എത്തുമെന്ന് ബിജെപിയും ഡിവൈഎഫ്ഐയും അറിയിച്ചിരുന്നു. പിരായിരി പഞ്ചായത്തിലെ പൂളിക്കുന്നം കോൺക്രീറ്റ് റോഡിൻറെ ഉദ്ഘാടനമാണ് നടന്നത്.

പൂഴിക്കുന്നം കോൺക്രീറ്റ് റോഡ് എന്ന സ്വപ്ന പദ്ധതിക്ക് എംഎൽഎ ഫണ്ട് അനുവദിച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കും പദ്ധതി യഥാർഥ്യമാക്കാൻ പരിശ്രമിച്ച വാർഡ് മെമ്പർ എച്ച് ഷമീറിനും അഭിനന്ദനങ്ങൾ എന്നാണ് ഫ്ലക്സ് ബോർഡിലുണ്ടായിരുന്നത്. പത്തു ലക്ഷം രൂപ എംഎൽഎ ഫണ്ട് അനുവദിച്ചുകൊണ്ടാണ് റോഡ് നിർമിച്ചിരിക്കുന്നതെന്നും ഇതിനാൽ തന്നെ എംഎൽഎ ആണ് റോഡ് ഉദ്ഘാടനം ചെയ്യേണ്ടതെന്ന് ജനങ്ങൾ അഭിപ്രായപ്പെട്ടതിൻറെ അടിസ്ഥാനത്തിലാണ് ഉദ്ഘാടനം ഇത്തരത്തിൽ തീരുമാനിച്ചതെന്നും വാർഡ് അംഗം എച്ച് ഷമീർ നേരത്തെ പ്രതികരിച്ചിരുന്നു.

Related Articles

Back to top button