അച്ഛന് പിന്നാലെ മകനും….മധു മുല്ലശ്ശേരിയുടെ മകൻ മിഥുൻ മുല്ലശ്ശേരിയെ ഡിവൈഎഫ്ഐയിൽ നിന്ന് പുറത്താക്കി…
സിപിഎം ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയുടെ മകന് മിഥുൻ മുല്ലശ്ശേരിയെ ഡിവൈഎഫ്ഐയിൽ നിന്ന് പുറത്താക്കി. മധുവിനൊപ്പം മിഥുനും ബിജെപിയിൽ ചേരാൻ തീരുമാനിച്ചിരുന്നു. മധുവിനെ സിപിഎം ഇന്ന് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. അതേസമയം, സാമ്പത്തിക ക്രമക്കേട് അടക്കമുള്ള ആരോപണങ്ങളിൽ മധുവിനെതിരെ ജില്ലാ സെക്രട്ടറി നിയമനടപടി സ്വീകരിക്കും.
ജില്ലാ സമ്മേളനത്തിലേക്ക് കടക്കും മുൻപ് തലസ്ഥാന ജില്ലയിലും കലങ്ങിമറിയുകയാണ് വിഭാഗീയത. മംഗലപുരം ഏരിയ സമ്മേളനങ്ങൾക്കിടെ ഉണ്ടായ പൊട്ടിത്തെറിയിലാണ് മധുവും ജില്ലാ നേതൃത്വവും രണ്ടുവഴിക്കായത്. മധു കോൺഗ്രസ്സിലേക്കോ ബിജെപിയിലേക്കോ എന്നായിരുന്നു ആകാംഷ. ഒടുവിൽ ബിജെപിയിൽ ചേരാൻ ധാരണയായി. വി മുരളീധരൻ, സുരേഷ് ഗോപി അടക്കമുള്ള നേതാക്കൾ വീട്ടിലെത്തി മധുവുമായി ചർച്ച നടത്തി. മധു പോയാൽ മകൻ പോലും കൂടെയുണ്ടാകില്ലെന്നായിരുന്നു ജില്ലാ സെക്രട്ടറി പറഞ്ഞത്. എന്നാൽ മകനും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ ശ്യാമും മകൾ മാതുവും ഒപ്പമുണ്ടാകുമെന്ന് മധു തിരിച്ചടിച്ചു. പിന്നാലെ പാർട്ടിയെ വെല്ലുവിളിച്ച മധുവിനെ സിപിഎം പുറത്താക്കി. ബിജെപിയുമായി മധു ചില നീക്കുപോക്കുകൾ നേരത്തെ ഉണ്ടാക്കിയെന്നാണ് പാർട്ടി വിലയിരുത്തൽ. സംഘടനയുടെ പൊതു രീതിയല്ല മധുവിന് ഉണ്ടായിരുന്നതെന്ന് മനസിലാക്കാൻ വൈകിയെന്നെ വിചിത്രവാദം കൂടി ഉന്നയിച്ചാണ് നടപടി.