കൊല്ലത്ത് ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ഗാനമേളയിൽ ഗണഗീതം പാടി; പരാതിയുമായി ഡിവൈഎഫ്ഐ രംഗത്ത്

കൊല്ലത്ത് ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ഗാനമേളയിൽ ഗണഗീതം പാടിയതിൽ വിവാദം. കൊല്ലം തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിനിടക്കാണ് സംഭവം. ഇന്നലെ രാത്രിയിൽ നടന്ന ഗാനമേളക്കിടെയാണ് ആർഎസ്എസിൻ്റെ ഗണഗീതം പാടിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രത്തിലാണ് സംഭവം. സംഭവം വിവാദമാകുകയും ഡിവൈഎഫ്ഐ തൃക്കടവൂർ ഈസ് മേഖല കമ്മിറ്റി ബോർഡിന് പരാതി നൽകുകയും ചെയ്തു. ഹൈക്കോടതി ഉത്തരവ് മറികടന്നാണ് ഗണഗീതം പാടിയതെന്നാണ് പരാതി. വിപ്ലവഗാനം പാടിയ കടയ്ക്കൽ ദേവി ക്ഷേത്രത്തിലെയും ഗണഗീതം പാടിയ കോട്ടുക്കൽ ക്ഷേത്രത്തിലെയും ഉപദേശക സമിതികളെ മുൻപ് ദേവസ്വം ബോർഡ് പിരിച്ചു വിട്ടിരുന്നു.

മറ്റൊരു സംഭവത്തിൽ കഴിഞ്ഞ മാസം തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ സിപിഎം പ്രവർത്തകന് മർദനമേറ്റിരുന്നു. സിപിഎം പ്രവർത്തകനായ ഷാൻ ശശിധരനെ ആറംഗ ബിജെപി- ആർഎസ്എസ് പ്രവർത്തകർ മർദിക്കുകയായിരുന്നു. സംഭവത്തിൽ ആറ് ബിജെപി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

Related Articles

Back to top button